കല്പറ്റ ∙ തെങ്ങുകയറ്റ യന്ത്രത്തിൽ ഒരു കാൽ മാത്രം കുടുങ്ങി തെങ്ങിന്റെ മുകളിൽ തലകീഴായി പത്തുമിനിറ്റോളം തൂങ്ങി കിടന്നപ്പോൾ ജീവിതം അവസാനിച്ചെന്നാണ് ഇബ്രാഹിം കരുതിയത്. പ്രാർഥനയ്ക്ക് മുകളിൽ നിന്നു വിളി കേട്ട ദൈവം പക്ഷേ രക്ഷകനെ അയച്ചതു താഴെ നിന്നാണ്. സംഭവം കണ്ട് തെങ്ങിൽ പാഞ്ഞു കയറിയ സുധീഷ് എന്നയാൾ ഇബ്രാഹിമിനെ തോളിലേറ്റി തെങ്ങിൻമുകളിൽ നിന്നു. അഗ്നിരക്ഷാസേനയെത്തുംവരെ 20 മിനിറ്റോളമാണ് സുധീഷ്, ഇബ്രാഹിമിനെ ചുമലിൽ താങ്ങി നിന്നത്.പഴൂർ ആശാരിപ്പടിയിൽ യന്ത്രത്തിന്റെ സഹായത്തോടെ തെങ്ങിൻ മുകളിൽ കയറി ഓല വെട്ടുന്നതിനിടെയാണ് ഇബ്രാഹിം (41) കൈവിട്ടു താഴേക്കു തൂങ്ങുകയായിരുന്നു. ഒരു കാലിൽ മാത്രം കുടുങ്ങി ബാക്കി ശരീരഭാഗമെല്ലാം താഴേയ്ക്കായി 40 അടിയോളം ഉയരത്തിൽ തൂങ്ങിയാടി. 10 മിനിറ്റോളം ഇബ്രാഹിം അങ്ങനെ കിടന്നു.അപ്പോഴാണ് അതുവഴി കാറിലെത്തിയ മരംവെട്ടു തൊഴിലാളി കഴമ്പ് സ്വദേശി ചാലാപ്പള്ളി സുധീഷ് (43) രക്ഷകനായത്. തെങ്ങിൻ മുകളിലേക്കു മിന്നൽ വേഗത്തിൽ കയറിയ സുധീഷ് ഇബ്രാഹിമിന്റെയടുത്തെത്തി തല ഉയർത്തി തോളിൽ വച്ചു. പിന്നീട് കയറുകൾ കൊണ്ട് തെങ്ങിലും സമീപത്തെ കമുകിലുമായി കെട്ടി ബലപ്പെടുത്തി. ഇബ്രാഹിമിന്റെ തല താഴേക്കു തൂങ്ങാതെ തോളിൽ വച്ച് സുധീഷ് ഇരുപതു മിനിറ്റോളം  തെങ്ങിൻ മുകളിൽ തന്നെ നിന്നു.വയനാട്ടിലെ ബത്തേരിയിൽ നിന്ന് അപ്പോഴേക്കും അഗ്നി രക്ഷാസേന സ്ഥലത്തെത്തി. സേനാംഗങ്ങളായ എ.ബി. സതീഷ്, ടി.പി. ഗോപിനാഥൻ എന്നിവർ തെങ്ങിൽ കയറി മൂവരും ചേർന്ന് ഇബ്രാഹിമിനെ താഴെയിറക്കുകയായിരുന്നു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *