കോട്ടയം: ശബരിമല തീര്‍ഥാടനകാലം പടിവാതില്‍ക്കല്‍, തകൃതിയായി ഒരുക്കങ്ങള്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ശബരിമല പാതകളിലെ കുഴികള്‍ എല്ലാം അതേപടി നിലനിൽക്കുന്നുണ്ട്.
ചിലയിടങ്ങളില്‍ പേരിന് എന്തെങ്കിലും ചെയ്താലായി. അതിന് ഏറ്റവും നല്ല ഉദാഹരണമാണു ശബരമലയുടെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ കാണുന്നത്. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരില്‍ ഭൂരിപക്ഷവും എരുമേലിയില്‍ എത്തി പേട്ടതുള്ളിയ ശേഷമേ മലകയറാറുള്ളൂ. ലക്ഷക്കണക്കിനു തീര്‍ഥാടകരാകും ഒരു സീസണില്‍ എരുമേലിയില്‍ വന്നിറങ്ങുക.
എരുമേലി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുകൂടി കടന്നു പോകുന്ന റോഡിലൂടെയാണ് മണ്ഡല മകരവിളക്ക് കാലത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങൾ കടന്നു പോവുക. വണ്‍വേയായി ഉപയോഗിച്ചുവരുന്ന റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടു നാളുകള്‍ ഏറെയായി. യാത്രക്കാരുടെ പരാതിയെ തുടര്‍ന്നു റോഡ് പണി ആരംഭിച്ചെങ്കിലും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല.
ചില ഭാഗത്തെ കുഴി മെറ്റലിട്ട് നികത്തിയതല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് ടാറിങ് നടത്തി ലെവല്‍ ചെയ്യുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, സീസന്‍ തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. 100 മീറ്റര്‍ മാത്രമെ ഇവിടെ റീടാറിങ് ചെയ്യേണ്ടതായിട്ടുള്ളൂ.
ഇതോടൊപ്പം ശബരിമല തീര്‍ഥാടന പാതയായ പൊന്‍കുന്നം മണ്ണംപ്ലാവ് – വിഴിക്കത്തോട് – കുറുവാമൂഴി എരുമേലി റോഡ് നവീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. 12 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡിന്റെ പലഭാഗങ്ങളിലും ഇരുവശങ്ങളും കാടുകയറിയ നിലയിലാണ്. എട്ടു മീറ്ററില്‍ താഴെ മാത്രം വീതിയുള്ള റോഡില്‍ കാല്‍നടയാത്ര വരെ ബുദ്ധിമുട്ടാണ്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സുരക്ഷിതമായി വശത്തേക്കു മാറി നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. റോഡിന്റെ പൊന്‍കുന്നം മുതല്‍ മണ്ണംപ്ലാവ് വരെയുള്ള 5 കിലോമീറ്ററോളം ഭാഗം അപകട സാധ്യതയുള്ള മേഖലയാണ്. വളവുകളും കയറ്റിറക്കങ്ങളും ഉള്ള ഇവിടെ ആവശ്യത്തിനു മുന്നറിയിപ്പു സംവിധാനങ്ങളും ഇല്ല.
മണക്കാട് ശ്രീഭദ്ര ക്ഷേത്രത്തിനു മുന്‍വശത്തെ കണയത്തോട് പാലം അപകടാവസ്ഥയിലാണ്. പാലത്തിന്റെ അടി ഭാഗത്തു കല്‍ക്കെട്ടുകള്‍ ഇളകി വിള്ളലുകള്‍ ഉണ്ടായിട്ട് നാളേറെയായി. മണ്ഡല കാലത്തു ധാരാളം വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പായി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇതോടൊപ്പം എരുമേലി ശബരിമല പാതയിലെ കരിങ്കല്ലുമ്മൂഴിയില്‍ രൂപപ്പെട്ട വന്‍ കുഴിയും ഉടന്‍ നന്നാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നവംബര്‍ അഞ്ചിനു മുന്‍പു റോഡുകളിലെ കുഴികള്‍ അടച്ചും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുമുള്ള മുന്നൊരുക്കങ്ങളും സ്വീകരിക്കുമെന്നണ് ഒരാഴ്ച മുന്‍പു മന്ത്രി മുഹമ്മദ് റിയാസ് അറയിച്ചിരുന്നത്.
നിലവിലെ മെല്ലെപ്പോക്കു തുടര്‍ന്നാല്‍ ശബിമല സീസണ്‍ ആരംഭിച്ചാലും പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാത്ത അവസ്ഥയുണ്ടാകും. 25ന് എരുമേലിയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പ്രശനങ്ങള്‍ക്കു ഉടന്‍ നടപടി ഉണ്ടാകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.