കോട്ടയം: ദീപാവലി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. കേരളത്തിന് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ മാത്രം. 06039/06040 കൊച്ചുവേളി-ബംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണു റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ നാലിനു വൈകിട്ട് 6.05നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെടും. തിരിച്ചു നവംബര്‍ 5ന് ഉച്ചയ്ക്ക് 12.45ന് തിരികെ ബംഗളൂരുവില്‍ നിന്നും ട്രെയിൻ പുറപ്പെടും. 14 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 1 സെക്കന്‍ഡ് ക്ലാസ് കോച്ച് ഉള്‍പ്പടെ ഉള്ളതായിരിക്കും ട്രെയിന്‍.
ഇതോടൊപ്പം താമ്പരം-കന്യാകുമാരി, ചെന്നൈ-മംഗളൂരൂ, ചെന്നൈ -ചെക്കോട്ട, ചെന്നൈ കന്യാകുമാരി സ്‌പെഷ്യല്‍ സര്‍വീസുകളും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലി ആഘോങ്ങള്‍ക്കു നാട്ടിലേക്കു മടങ്ങുന്നവരുടെ തിരക്കൊഴിവാക്കാനായാണു റെയില്‍വേ സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈ- കോട്ടയം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കണമെന്നു യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും റെയില്‍വേ ഇതുവരെ പരിഗണിച്ചിട്ടില്ല. പൂജാ അവധിയുടെ ഭാഗമായി ചെന്നൈ-കോട്ടയം സര്‍വീസ് നടത്തിയിരുന്നുവെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ദാന ചുഴലിക്കാറ്റു മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഞ്ചു ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. മുന്‍കരുതല്‍ നടപടിയായാണു ട്രെയിന്‍ റദ്ദാക്കിയത്.
23നു പുറപ്പെടുന്ന കന്യാകുമാരി ഗില്‍ബര്‍ഗ് വിവേക് എക്‌സ്പ്രസ്, 24ന് പുറപ്പെടുന്ന സാന്ദ്രഗാച്ചി -മംഗളൂരൂ സൂപ്പര്‍ഫാസ്റ്റ്, പാട്‌ന -എറണാകുളം ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ്, കന്യാകുമാരി – ഗില്‍ബര്‍ഗ് വിവേക് സൂപ്പര്‍ഫാസ്റ്റ്, 26ന് പുറപ്പെടുന്ന മംഗളൂരു – സാന്ദ്രഗാച്ചി ട്രെയിനുകളാണു റദ്ദാക്കിയത്.