ഒരു ഭീമന്‍ കയറിന്റെ ഇരു വശത്തായി നിലയുറപ്പിച്ച് ആഞ്ഞുവലിക്കുന്ന മല്ലന്മാരും മല്ലത്തികളും… പതിയെ പതിയെ ആട്ടി ആട്ടി അടിവച്ചടിവെച്ച് പുറകോട്ട് പോകുന്നവര്‍, കൈയ്യൂക്കും തിണ്ണമിടുക്കുമെടുത്ത് ആഞ്ഞു വലിക്കുന്നവര്‍…ഗാലറിയിലാകെ ആവേശത്തിര തീര്‍ക്കുന്ന അനൗണ്‍സ്‌മെന്റും… ഒപ്പം നിലയ്ക്കാത്ത കൈയടികളും ആര്‍പ്പുവിളികളുമായി കുട്ടികളും മുതിര്‍ന്നവരും… ഈ കിടിലന്‍ അങ്കം കാണാന്‍ ചേലു വേറെതന്നെയാണ്…്
ആരോഗ്യത്തിനൊപ്പം ബുദ്ധിയും ചടുലതയും ഒന്നിപ്പിച്ചാല്‍ മാത്രം കപ്പ് നേടാം. ഓരോ മത്സരവും രണ്ടു ടീമുകള്‍ തമ്മിലുള്ള ബല പരീക്ഷണമാണെങ്കിലും അതിനപ്പുറമാണ് ആവേശവും വാശിയും. മത്സരത്തിനിടെ കാണികള്‍ തന്നെ രണ്ടു ചേരിയായി മാറാറാണ് പതിവ്.
കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ ഇക്കുറിയും അഖില കേരള വടംവലി മത്സരത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് തൊടുപുഴ. മഹീന്ദ്രാ വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരായ ഹൊറൈസണ്‍ മോട്ടോഴ്‌സാണ് സംഘാടകര്‍.
കേരള വടംവലി അസോസിയേഷന്റെ സഹകരണത്തോടെയാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക. തൊടുപുഴ വെങ്ങല്ലൂരിനടുത്തുള്ള സോക്കര്‍ സ്‌കൂള്‍ മൈതാനമാണ് ഇത്തവണത്തെ വേദി. നവംബര്‍ 9 നാണ് മത്സരം.
”സുരക്ഷിതമായി വാഹനമോടിക്കൂ ജീവന്‍ രക്ഷിക്കൂ” എന്നതാണ് ഇത്തവണത്തെ സന്ദേശം. ”സുരക്ഷിതമായി വാഹനമോടിക്കൂ ജീവന്‍ രക്ഷിക്കൂ” എന്ന സന്ദേശവുമായി ഹൊറൈസണ്‍ മോട്ടോഴ്‌സും സി.എം.എസ്. കോളേജും ചേര്‍ന്ന് മിനി മാരത്തണ്‍ സംഘടിപ്പിച്ചിരുന്നു.
കോട്ടയത്ത് സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ഞൂറിലേറെ കായിക താരങ്ങള്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കേരള വടംവലി അസോസിയേഷന്റെ സഹകരണത്തോടെ തൊടുപുഴയില്‍ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.
പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടാകും. 455 കിലോ ക്യാറ്റഗറിയില്‍ നടക്കുന്ന മത്സരത്തില്‍ ആകെ രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്. സോക്കര്‍ സ്‌കൂള്‍ മൈതാനത്തില്‍ പ്രത്യേകം തയാറാക്കിയ കോര്‍ട്ടിലാകും മത്സരം നടക്കുക. കാണികള്‍ക്കായി ഗ്യാലറി ഒരുക്കുന്ന ഇടുക്കിയിലെ ഏക വടംവലി മത്സരമാണിത്.
കേരള വടംവലി അസോസിയേഷനുമായി ചേര്‍ന്നു നടത്തിയ മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നും ടീമുകള്‍ പങ്കെടുത്തിരുന്നു. ഇക്കുറിയും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ടീമുകള്‍ മത്സരത്തിനെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.