കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ഹോസ്പിറ്റലിലും കോളേജിലും സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 16 ദിവസമായി നിരാഹാര സമരം നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍.
പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നേരത്തെ ആഹ്വാനം ചെയ്ത പൊതു മെഡിക്കല്‍ പണിമുടക്കും പിന്‍വലിച്ചു. പ്രതിഷേധക്കാരും മമത ബാനര്‍ജിയും സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയില്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും മറ്റ് മാര്‍ഗങ്ങളിലൂടെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
യോഗത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരോട് നിരാഹാര സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഡോക്ടര്‍മാരുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും പരിഹരിച്ചുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ മാറ്റണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം നിരസിച്ചു.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൃത്യമായ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കാതെ നിരവധി ജൂനിയര്‍ ഡോക്ടര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഈ വിദ്യാര്‍ത്ഥികളെയോ റസിഡന്റ് ഡോക്ടര്‍മാരെയോ എങ്ങനെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയുക? സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കോളേജ് അധികൃതര്‍ക്ക് ആരാണ് അധികാരം നല്‍കിയത്? ഇതൊരു ഭീഷണി സംസ്‌കാരമല്ലേ? മമത ബാനര്‍ജി ചോദിച്ചു.
വ്യക്തമായ തെളിവുകളില്ലാതെ നിങ്ങള്‍ക്ക് ഒരു വ്യക്തിയെ കുറ്റാരോപിതനായി വിളിക്കാനാവില്ലെന്ന് ആരോഗ്യ സെക്രട്ടറി നിഗമിനെ മാറ്റണമെന്ന ആവശ്യത്തെ പരാമര്‍ശിച്ച് മമത ബാനര്‍ജി പറഞ്ഞു.
ആദ്യം, നിങ്ങള്‍ തെളിവ് നല്‍കണം. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വ്യക്തിയെ കുറ്റാരോപിതനായി വിളിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരു വ്യക്തിയെ നിയമപ്രകാരം കുറ്റാരോപിതനായി വിളിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്.