ആറടിയുണ്ടായിട്ടും ആരുടെയും കണ്ണിൽപ്പെടാതെ മൂന്നാം നിലയിൽ, കെട്ടിടത്തിൽ വമ്പനൊരു മൂർഖൻ; പിടികൂടി വനത്തിൽ വിട്ടു
ഇടുക്കി: അടിമാലി ടൗണിൽ ബഹുനില കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി. അടിമാലി ടൗണിൽ ബസ് സ്റ്റാൻഡ് ജംഗ്ഷന് സമീപത്തെ ബഹുനില കെട്ടിടത്തിനുള്ളിലായിരുന്നു മൂർഖൻ പാമ്പ് കയറിക്കൂടിയത്. ആറ് വയസോളം പ്രായം വരുന്ന ആറടിയോളം നീളമുള്ള പാമ്പിനെയാണ് പിടികൂടിയതെന്ന് സ്നേക്ക് റെസ്ക്യൂ ടീം അംഗങ്ങൾ പറഞ്ഞു.
പിടികൂടിയ പാമ്പിനെ പ്ലാംബ്ല വനത്തിലെ ഓഡിറ്റ് വൺ മേഖലയിൽ തുറന്നുവിട്ടു. പാമ്പിനെ മുറിക്കുള്ളിൽ കണ്ടതോടെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് അടിമാലി ഫോറസ്റ്റ് റെയിഞ്ച് സ്നേക്ക് റെസ്ക്യൂ സംഘവും, മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഗാർഡുമാരുമെത്തി കെട്ടിടത്തിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു.