സ്പാനിഷ് സൂപ്പർ കപ്പ് അഞ്ചാം തവണയും സൗദി അറേബ്യയില്‍

റിയാദ്: അഞ്ചാം തവണയും സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. 2025 ജനുവരി എട്ട് മുതൽ 12 വരെ ജിദ്ദയിൽ അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക് ബിൽബാവോ, റയൽ മല്ലോർക്കയ്ക്ക് എന്നീ നാല് ക്ലബ്ബുകൾ മത്സരിക്കും. നോക്കൗട്ട് സമ്പ്രദായത്തിലാണ് മത്സരം. ജനുവരി എട്ട് (ബുധനാഴ്ച) വൈകിട്ട് റയൽ മാഡ്രിഡും റയൽ മല്ലോർക്കയും ഏറ്റുമുട്ടും. ഒമ്പതിന് (വ്യാഴാഴ്ച) ബാഴ്‌സലോണ, അത്‌ലറ്റിക് ബിൽബാവോയെ നേരിടും.

പ്രാഥമിക റൗണ്ടിൽ വിജയിക്കുന്ന രണ്ട് ടീമുകൾ 12-ന് (ഞായറാഴ്ച) വൈകീട്ട് ഫൈനലിൽ ഏറ്റുമുട്ടും. സ്പാനിഷ് സൂപ്പർ കപ്പിന്‍റെ നാല് പതിപ്പുകൾക്ക് സൗദി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2020-ൽ ജിദ്ദയിലായിരുന്നു ആദ്യ പതിപ്പ്. റയൽ മാഡ്രിഡ് എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് കിരീടം ചൂടി. 2022-ൽ റിയാദിലായിരുന്നു മത്സരങ്ങൾ. റയൽ മാഡ്രിഡിന് തന്നെയായിരുന്നു വിജയം. കഴിഞ്ഞ വർഷം നടന്ന മൂന്നാം പതിപ്പിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്‌സലോണ സ്പാനിഷ് കിരീടം നേടി. 

Read Also – പ്ലസ് ടു പാസായ മലയാളികള്‍ക്ക് മികച്ച അവസരം; സ്റ്റൈപ്പന്‍റോടെ ജർമ്മനിയിൽ പഠിക്കാം, അപേക്ഷ ഒക്ടോബര്‍ 31 വരെ

ഈ വർഷം തുടക്കത്തിൽ റിയാദിൽ നടന്ന നാലാം പതിപ്പിൽ റയൽ മാഡ്രിഡ് കിരീടം തിരിച്ചുപിടിച്ചു. അഞ്ചാം തവണയിലെ കിരീടം ആർക്കെന്ന് ജിദ്ദ തീരുമാനിക്കും. സൗദി വിഷൻ 2030-െൻറ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന് കീഴിലാണ് സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങൾക്ക് സൗദി ആതിഥേയത്വം വഹിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin