തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും വിജയിക്കാനാകുമെന്ന് വിലയിരുത്തി കെ.പി.സി.സി നേതൃയോഗം. പ്രിയങ്കാ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക സഭാ മണ്ഡലത്തില്‍ പൊതു തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയും എന്നാണ് യോഗത്തിലെ വിലയിരുത്തല്‍.
പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലും ജയിച്ചു കയറാനാകുമെന്നാണ് കണക്ക് കൂട്ടല്‍. പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തില്‍ ആകെ നല്ല നിലയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രിയങ്ക ബുധനാഴ്ച വയനാട്ടില്‍ എത്തുന്നതോടെ വലിയ തരംഗം ഉണ്ടാക്കാന്‍ കഴിയും എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം പാലക്കാട് ചേലക്കര മണ്ഡലങ്ങളിലെ ഫലത്തെയും സ്വാധീനിക്കുന്ന ഘടകമായി മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. പ്രിയങ്ക തരംഗമായി മാറുമ്പോള്‍ ന്യൂന പക്ഷ പിന്തുണ പൂര്‍ണമായും ഉറപ്പിക്കാനാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
പ്രിയങ്കക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും വയനാട് എത്തും. ആകെ 10 ദിവസം പ്രിയങ്ക പ്രചരണത്തിനായി വയനാട്ടില്‍ ചെലവഴിക്കും. എല്ലാ നിയോജക മണ്ഡലത്തിലും റോഡ് ഷോ അടക്കം ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രിയങ്കയും രാഹുലും സോണിയും ഒരുമിച്ച് എത്തുന്ന ആവേശത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം 10 ദിവസത്തോളം പ്രിയങ്ക വയനാട്ടില്‍ തുടരും എന്നാണ് വിവരം.
23 ന് രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കും ഒപ്പമാണ് സോണിയയെത്തുന്നത്. പ്രിയങ്കയ്‌ക്കൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തില്‍ സോണിയ സംബന്ധിക്കും. തുടര്‍ന്ന് കല്‍പ്പറ്റയില്‍ വെച്ച് നടക്കുന്ന റോഡ് ഷോയിലും സോണിയ ഭാഗമാകും.
10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ കേരളത്തിലേക്ക് വരുന്നത്. പ്രിയങ്കയുടെ പ്രചരണത്തില്‍ പങ്കെടുക്കാന്‍ സോണിയയും വരണമെന്ന അഭ്യര്‍ത്ഥന കെ പി സി സി മുന്‍പോട്ട് വെച്ചിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ അവര്‍ എത്തിയേക്കില്ലെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മകളുടെ കന്നിപ്പോരാട്ടത്തില്‍ പങ്കെടുക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലും പ്രചാരണ പരിപാടികള്‍ക്ക് എത്തിക്കും. അതോടെ പാലക്കാടും ചേലക്കരയിലും വിജയം ഉറപ്പാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ.
പാലക്കാട്ടെ സരിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വെല്ലുവിളിയാകില്ല എന്നാണ് കെ.പി.സി.സി യോഗത്തിലെ വിലയിരുത്തല്‍. സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമത ശബ്ദങ്ങള്‍ ഒറ്റപ്പെട്ടതാണ്. ഉപതെരഞ്ഞെടുപ്പ് സമയത്ത് വിമത ശബ്ദം ഉയര്‍ത്തി നേതൃത്വത്തിനെതിരെ രംഗത്ത് വരുന്നവരുടെ ലക്ഷ്യം പാര്‍ട്ടി വോട്ടുകള്‍ വിഘടിപ്പിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഒന്നായി മുന്നോട്ടു പോകും. ഇതിനായി നേതൃത്വം ചെയ്യാവുന്ന എല്ലാ നടപടികളും സ്വീകരിക്കാനും കെ.പി.സി.സി നേതൃയോഗം തീരുമാനിച്ചു. സി.പി.എം ബിജെപി അവിശുദ്ധസഖ്യം ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തുറന്നു കാട്ടാനും തീരുമാനിച്ചിട്ടുണ്ട്. പ്രചാരണ രംഗത്ത് ഇത് ആവര്‍ത്തിച്ച് ഉന്നയിക്കും.
വയനാട്ടിലെ എംപിയായിരുന്ന രാഹുല്‍ ഗാന്ധി രാജിവെച്ച പശ്ചാത്തലത്തിലാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാജിക്ക് പിന്നാലെ തന്നെ മണ്ഡലത്തില്‍ തന്റെ പകരക്കാരിയായി സഹോദരിയായ പ്രിയങ്ക എത്തുമെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. അന്ന് മുതല്‍ ആവേശത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്.