പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോൾ ആരോപണങ്ങളും പ്രത്യാരോപണങ്ങളും അഴിച്ചു വിട്ട് രാഷ്ട്രീയ പാർട്ടികൾ.
കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ മൂന്ന് മുന്നണി സ്ഥാനാർഥികളും സജീവമാണ്. ജനാഭിപ്രായങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമത് എത്തിയ ബിജെപി ആത്മവിശ്വാസത്തിലാണ്. ഇത്തവണയും എൽഡിഎഫ് – യുഡിഎഫ് ഡീലുണ്ടെന്നും അത് പൊളിയുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ആരോപിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിച്ചു എന്ന ആരോപണം ഉന്നയിച്ചത് ഇപ്പോഴത്തെ എൽഡിഎഫ് സ്ഥാനാർഥിയാണ്.
മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോ ഈകാര്യത്തിൽ പ്രതികരിക്കാന്‍ തയാറാകാത്തത് വസ്തുതകളെ അംഗീകരിക്കലാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.
അതേസമയം ഇത്തവണ ജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് എൽ ഡി എഫ് പ്രവർത്തകരും. സരിന്റെ രാഷ്ട്രീയ കൂടുമാറ്റം സിപിഎമ്മിന് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയാം.