ശ്രീനഗര്‍: ജമ്മു കശ്മീരിനെ മാത്രമല്ല, രാജ്യത്തെയാകെ നടുക്കിയ തീവ്രവാദ ആക്രമണം നടന്ന ഇസഡ്-മോർ തുരങ്കം ശ്രീനഗർ-സോനാമാർഗ് ഹൈവേയിലെ തന്ത്രപ്രധാനമായ ഇൻഫ്രാ പദ്ധതിയാണ്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്.
ജമ്മു കശ്മീരിലെ ഒരു പ്രധാന അടിസ്ഥാന സൗകര്യ പദ്ധതി തീവ്രവാദികൾ ലക്ഷ്യമിടുന്നത് ഇതാദ്യമായാണ്. സ്വകാര്യ കമ്പനിയായ ആപ്കോ ഇൻഫ്രാടെക്കാണ് തുരങ്കം നിർമിക്കുന്നത്. ഗുണ്ട് മേഖലയിലെ ടണൽ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന കമ്പനിയിലെ തൊഴിലാളികൾക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
ഈ തുരങ്കം ഗഗൻഗീറിനെ മധ്യ കശ്മീരിലെ സോനാമാർഗുമായി ബന്ധിപ്പിക്കുന്നു. പൊലീസും സൈന്യവും ഉൾപ്പെടെയുള്ള സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ലഷ്‌കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ കങ്കൻ പട്ടണവുമായി സോനാമാർഗ് ഹെൽത്ത് റിസോർട്ടിനെ ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത 6.4 കി.മീ നീളമുള്ള തുരങ്കമാണ് ഇസഡ്-മോർ ടണൽ.
ഗഗൻഗീർ ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ തുരങ്കം ശ്രീനഗർ-ലേ ഹൈവേയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ സോനാമാർഗിലേക്ക് ഏത് കാലാവസ്ഥയിലും പ്രവേശിക്കാനുള്ള മാര്‍ഗമാണ്.
സോനാമാർഗിലേക്ക് എല്ലാ കാലാവസ്ഥയിലും പ്രവേശനം നൽകുന്നതിനൊപ്പം, ലഡാക്കിലേക്കുള്ള കണക്റ്റിവിറ്റി വർഷം മുഴുവനും ഉറപ്പാക്കുന്നതിന് ഈ തുരങ്കം പ്രധാനമാണ്. അതിർത്തി പ്രദേശങ്ങളിലേക്കുള്ള സൈനികരുടെ നീക്കത്തിന് ഇത് വളരെ പ്രധാനമാണ്.