പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി. സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് യുഡിഎഫിലും എല്‍ഡിഎഫിലും ഉരുണ്ടുകൂടിയിരിക്കുന്ന പ്രതികൂല ഘടകങ്ങളുടെ സാഹചര്യം കൂടി മുതലാക്കി പാലക്കാട് പിടിച്ചെടുക്കുക എന്നതാണ് ബിജെപി പയറ്റുന്ന തന്ത്രം.
കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവ് പ്രിയങ്കാ ഗാന്ധി മല്‍സരിക്കുന്ന മണ്ഡലത്തില്‍ ദേശീയ തലത്തില്‍ ശ്രദ്ധേയരായ സ്ഥാനാര്‍ഥികളെ കളത്തിലിറക്കാന്‍ ആലോചന വന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പകരം കോഴിക്കോടു നിന്നുള്ള പ്രാദേശിക നേതാവ് നവ്യ ഹരിദാസിനെ രംഗത്തിറക്കി.
ദേശീയ നേതാക്കളോ സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളോ വയനാട്ടില്‍ മല്‍സരിച്ചാല്‍ പാലക്കാട് കേന്ദ്രീകരിക്കുന്നതിന് അത് തടസമാകുമെന്ന വിലയിരുത്തലായിരുന്നു ഇത്.
ചേലക്കരയിലും പാര്‍ട്ടിക്ക് പ്രതീക്ഷ ഇല്ല. എന്നാല്‍ പരമാവധി വോട്ട് സമാഹരിക്കാന്‍ കഴിയുന്ന പ്രാദേശിക നേതാവിനെയാണ് ഇവിടേയ്ക്ക് പരിഗണിച്ചത്.
അതേസമയം തുടര്‍ച്ചയായി ബിജെപി രണ്ടാം സ്ഥാനത്ത് വരുന്ന പാലക്കാട് പരാജയപ്പെട്ടതൊക്കെ നേരിയ മാര്‍ജിനിലുമാണ്. കഴിഞ്ഞ തവണ ഷാഫി പറമ്പില്‍ മല്‍സരിച്ചപ്പോള്‍ ഭൂരിപക്ഷം നാലായിരം കടത്താന്‍ കഴിഞ്ഞില്ല.
ഈ സോഹചര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നിന്ന് ആഞ്ഞു പിടിച്ചാല്‍ പാലക്കാട് ‘തൃശൂര്‍’ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി. നാട്ടുകാരനായ സി കൃഷ്ണകുമാറിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയത് എന്ത് വിലകൊടുത്തും വിജയിക്കുക എന്ന തന്ത്രത്തിന്‍റെ ഭാഗമായിരുന്നു.
എതികാളികള്‍ക്ക് പറയാനുള്ള ഒരായുധവും സ്ഥാനാര്‍ഥിയുടെ പേരില്‍ ഉണ്ടാകരുതെന്നായിരുന്നു നിര്‍ദേശം. അതിനാലാണ് മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി വേണ്ടെന്നു തീരുമാനിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടം പത്തനംതിട്ട ജില്ലക്കാരനും ഇടത് സ്ഥാനാര്‍ഥി പി സരിന്‍ തൃശൂര്‍ ജില്ലക്കാരനുമാണ്. കൃഷ്ണകുമാര്‍ മണ്ഡലത്തില്‍ പതിറ്റാണ്ടുകളായി പൊതുജീവിതം നയിക്കുന്ന നേതാവാണ്.
പാലക്കാട് നാട്ടുകാരനായ ഒരാള്‍ വരട്ടെയെന്ന മുദ്രാവാക്യം ബിജെപി പ്രയോജനപ്പെടുത്തും. ജില്ലക്കാരനായ ഷാഫി പറമ്പില്‍ മൂന്നു തവണ വിജയിച്ചിട്ടും പിന്നെ നാട് വിട്ട് വടകരയ്ക്ക് ചേക്കേറിയത് ബിജെപി എടുത്തു കാട്ടും. അതിനുപകരം നാടുവിട്ട് പോകാത്ത നാട്ടുകാരനായ സ്ഥാനാര്‍ഥിക്കുവേണ്ടിയാകും ബിജെപിയുടെ പ്രചരണം.
എന്തു വില കൊടുത്തും കൃഷ്ണകുമാറിനെ വിജയിപ്പിക്കാനാണ് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ നിസഹകരിക്കുയും കാലുമാറുകയും ചെയ്യുന്നവരുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്.
സംസ്ഥാന സര്‍ക്കാരിന്‍റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ ചില നേതാക്കള്‍ നടത്തുന്ന നിസഹകരണം അവസാനിപ്പിക്കാനും നിര്‍ദേശമുണ്ട്.