ഭോപാൽ: വിനോദസഞ്ചാരികൾക്കു നേരെ പുള്ളിപ്പുലി ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിലുണ്ടായ സംഭവത്തിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ, 23കാരനായ യുവാവ്, 25കാരിയായ യുവതി എന്നിവർക്കാണ് പരിക്കേറ്റത്. പുള്ളിപ്പുലി ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരം ഗോപാരു, ജെയ്ത്പുർ വനമേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലാണ് പുള്ളിപ്പുലിയിറങ്ങിയത്. പരിക്കേറ്റവരിൽ ഒരു യുവാവിന്‍റെയും യുവതിയുടെയും പരിക്ക് ഗുരുതരമാണ്.
പുള്ളിപ്പുലി ആക്രമിക്കുമ്പോൾ സ്ഥലത്ത് 60ഓളം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. 23കാരനെയാണ് പുള്ളിപ്പുലി ആദ്യം ആക്രമിച്ചത്. യുവാവിന്‍റെ കാലിനാണ് കടിയേറ്റത്. പിന്നീട് യുവതിയുടെ തലയിൽ കടിയേറ്റു. തലയോട്ടിക്കടക്കം പരിക്കുണ്ട്.