ഗാസ: അടുത്തിടെ ഇസ്രയേല്‍ കൊലപ്പെടുത്തിയ ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ ഗാസയിലെ ഖാന്‍ യൂനിസിലെ ബങ്കറിനുള്ളില്‍ നയിച്ചിരുന്നത് രാജകീയ ജീവിതമെന്ന് റിപ്പോര്‍ട്ട്. ഐഡിഎഫിന്റെ കണ്ണില്‍പ്പെടാതെ ഈ ബങ്കറിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു സിന്‍വാറെന്നാണ് റിപ്പോര്‍ട്ട്.
ബങ്കറിനുള്ളില്‍ യുഎന്‍ ഭക്ഷണസാധനങ്ങളും വന്‍തോതില്‍ പണവും പെര്‍ഫ്യൂമും മറ്റ് സൗകര്യങ്ങളും സിന്‍വാര്‍ സംഭരിച്ചിരുന്നതായി ഐഡിഎഫ് വെളിപ്പെടുത്തി. ബങ്കറിനുള്ളില്‍ നിന്നുള്ള വീഡിയോയും ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു.
ഫെബ്രുവരിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഫൂട്ടേജില്‍ മുഖംമൂടി ധരിച്ച ഒരു ഐഡിഎഫ് സൈനികന്‍ പാര്‍പ്പിട കെട്ടിടമെന്നു തോന്നിപ്പിക്കുന്ന ബങ്കറിലൂടെ നടക്കുന്നതും അടുക്കള സാമഗ്രികളും പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി ഐക്യരാഷ്ട്ര സംഘടന വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ സിന്‍വാറിന്റെ കസ്റ്റഡിയില്‍ ഇരിക്കുന്നതും വന്‍തോതിലുള്ള പണശേഖരവും വെളിപ്പെടുത്തുന്നു.
ഒക്ടോബര്‍ 7ന് നടന്ന ഇസ്രായേല്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സിന്‍വാര്‍. റഫയിലേക്ക് പലായനം ചെയ്യുന്നതിനുമുമ്പ് യുദ്ധത്തിന്റെ ആദ്യനാളുകളില്‍ ഈ ബങ്കറിലാണ് ഇയാള്‍ ചെലവഴിച്ചിരുന്നത്.
ഇസ്മായില്‍ ഹനിയേയുടെ കൊലപാതകത്തിന് ശേഷമാണ് സിന്‍വാര്‍ ഹമാസ് തലപ്പത്തെത്തുന്നത്. ഒക്ടോബര്‍ 16 നാണ് ഇസ്രായേല്‍ സൈനിക നടപടിയില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടത്.