കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബിസിനസ് മൂല്യങ്ങള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസാഫും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് ആനന്ദും (ഐആര്‍എംഎ) സംയുക്തമായി ദേശീയ കേസ് സ്റ്റഡി മത്സരം സംഘടിപ്പിച്ചു. ഗുരുഗ്രാം മാസ്റ്റേഴ്‌സ് യൂണിയന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നുള്ള ഹരിശങ്കര്‍, ജിഫിന്‍ അല്‍-അബ്ബാസ് എന്നിവര്‍ മത്സര വിജയികളായി. ശര്‍വരി അംബേര്‍ക്കര്‍, രുഷിക അയ്യര്‍ (സിംബയോസിസ് സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍, പൂനെ) എന്നിവര്‍ രണ്ടാം സ്ഥാനവും, ധരിണി ഗ്രോവര്‍, റിതിക മഹേശ്വരി (ടി.എ. പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, മണിപ്പാല്‍) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. 

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍  രാജ്യത്തെ 200ഓളം പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 25000 രൂപയും, രണ്ടാം സ്ഥാനത്തിന് 15000 രൂപയും, മൂന്നാം സ്ഥാനത്തിന് 10000 രൂപയുമാണ് സമ്മാനത്തുക. 

സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ആളുകളെയും പരിസ്ഥിതിയെയും ഉള്‍പ്പെടുത്തി സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗമായാണ് ബിസിനസിനെ കാണുന്നതെന്ന് ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് പറഞ്ഞു. 

അവസാനഘട്ട മത്സരത്തിലേക്ക് 6 ടീമുകളുമാണ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടത്. ബിസിനസ് എത്തിക്‌സ് സംബന്ധിച്ച കേസ് സ്റ്റഡിയുടെയും ചോദ്യോത്തര വേളയുടെയും അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഐആര്‍എംഎയിലെ പ്രൊഫസര്‍മാരായ സുശാന്ത കുമാര്‍ ശര്‍മ്മ, രാഹുല്‍ കാംബ്ലെ, രാജേഷ് ജെയിന്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വൈസ് പ്രസിഡന്റും സസ്‌റ്റൈനബിൾ ബാങ്കിംഗ് ഹെഡുമായ റെജി ഡാനിയല്‍ കോശി എന്നിവര്‍ ജൂറികളായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *