പേരയ്ക്ക മാത്രമല്ല പേരയിലയിലും നിരവധി ഔഷധഗുണങ്ങളുണ്ട്. വിറ്റാമിന്‍ എ, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍ എന്നിവയും പേരയ്ക്കയില്‍ ധാരാളമടങ്ങിയിട്ടുണ്ട്.പ്രതിരോധശക്തി വര്‍ധിപ്പിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാനും പേരയ്ക്കയും പേരയിലയും സഹായിക്കുന്നു.
പേരയ്ക്കയിലെ ആന്റി ഓക്സിഡന്റ് സാന്നിദ്ധ്യം ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. കുടാതെ പേരയ്ക്കയിലെ പൊട്ടാസ്യം, ഫൈബര്‍ എന്നിവയുടെ സാന്നിദ്ധ്യം ശരീരത്തിലെ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പേരയ്ക്കയിലെ ആന്റി ഓക്സിഡന്റുകളും ഫൈബറും സഹായിക്കുന്നു.
പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.പേരയിലയുടെ നീര് സ്ത്രീകളിലെ ആര്‍ത്തവ വേദനകള്‍ക്ക് ഒരു ഉത്തമ പരിഹാരമാണ്. ദിവസവും പേരയിലയുടെ നീര് കുടിക്കുന്നത് ആര്‍ത്തവ സമയത്തെ വേദനകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.പേരയ്ക്കയിലെ ഫൈബറിന്റെ സാന്നിദ്ധ്യം ഇടയ്ക്കിടെയുണ്ടാകുന്ന വിശപ്പ് കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പേരയ്ക്ക ഭക്ഷണക്രമത്തിലുള്‍പ്പെടുത്തുക.
ദഹനപ്രക്രിയ സുഗമമാക്കാന്‍ പേരയ്ക്കയിലെ ഫൈബറിന്റെ സാന്നിദ്ധ്യം സഹായിക്കുന്നു. കൂടാതെ വയറിളക്കമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ പേരയിലയുടെ നീരിന് സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.വിറ്റാമിന്‍ സിയുടെ കലവറ കൂടിയാണ് പേരയ്ക്ക. ശരീരത്തിലെ ശ്വേതരക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പേരയ്ക്കയിലെ ധാതുഘടകങ്ങള്ക്ക് സാധിക്കുന്നു.ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ പേരയ്ക്കയിലെ ആന്റി ഓക്സിഡന്റുകള്‍ സഹായിക്കുന്നു. കൂടാതെ പേരയില നീര് മുഖത്തെ പാടുകളും മറ്റും ഇല്ലാതാക്കാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.