മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ദീർഘനേരം ഉപയോഗിക്കുന്നത് മൂലവും ഉറക്കം ആവശ്യത്തിന് ഇല്ലെങ്കിലും ഡാർക്ക് സർക്കിൾസ് ഉണ്ടാകാം. കണ്ണിന് ചുറ്റുമുള്ള തടിപ്പ്, കറുപ്പ് എന്നിവ കുറയ്ക്കാൻ വെള്ളരിക്ക ഉപയോഗിക്കാം. ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കിൽ അരച്ചോ പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാൻ സഹായിക്കും.
രാത്രിയിൽ അവോക്കാഡോയും ബദാം ഓയിലും ചേർത്ത് കണ്ണുകൾക്ക് താഴെ പുരട്ടുന്നത് വീക്കവും ഇരുണ്ട നിറവും കുറയ്ക്കാൻ മികച്ചതാണ്. ബദാം ഓയിൽ കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങളെ അകറ്റുന്നതിനും കണ്ണിന് താഴെയുള്ള നീർവീക്കം കുറയ്ക്കാനും സഹായിക്കും. ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്സിഡൻ്റ് ഗുണങ്ങളാണ് ഇതിന് കാരണം. ബദാം ഓയിലിൽ റെറ്റിനോൾ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയും അടങ്ങിയിട്ടുണ്ട്.
റോസ് വാട്ടറും കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ സഹായിക്കും. ഇതിനായി തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കി കണ്ണിന് മുകളിൽ അൽപനേരം വയ്ക്കുക. രണ്ട് സ്പൂൺ തെെരിലേക്ക് അൽപം റോസ് വാട്ടർ യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. കറുപ്പ് അകറ്റാൻ മികച്ചൊരു പാക്കാണിത്.