ലഖ്നോ: ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് യു.പിയിൽ ദലിത് വിദ്യാർഥിക്ക് മർദനം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. വാട്സാപ്പ് സ്റ്റാറ്റസായി ബി.ആർ അംബേദ്കറിന്റെ ചിത്രം വെച്ചതിനെ തുടർന്നാണ് വിദ്യാർഥിക്ക് മർദനമേറ്റത്.
ഒരുകൂട്ടം വിദ്യാർഥികൾ ചേർന്ന് ദലിത് വിദ്യാർഥിയോട് ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഭാരതീയ ന്യായ് സൻഹിത പ്രകാരം ദലിത് വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് ചുമത്തുന്ന വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം, താനും കുടുംബവും ബുദ്ധമതത്തെയാണ് പിന്തുടരുന്നതെന്ന് മർദനമേറ്റ വിദ്യാർഥി പറഞ്ഞു. സഹോദരന്റെ ഫോണിലൂടെ അംബേദ്ക്കറിന്റേയും മറ്റ് ബുദ്ധിസ്റ്റ് നേതാക്കളുടെയും ചിത്രങ്ങൾ പങ്കുവെച്ചുവെന്നും ഇതാണ് തന്നെ ആക്രമിക്കാനുള്ള കാരണമെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു.