ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്ദര്‍ബാലിലെ ഗഗാംഗീറില്‍ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ശക്തമായി അപലപിച്ചു.
ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെ കര്‍ശനമായി നേരിടാനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള സുരക്ഷാ സേനയുടെ ദൃഢനിശ്ചയം ഉറപ്പിക്കുകയും ചെയ്തു. 
ലഫ്റ്റനന്റ് ഗവര്‍ണര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
‘ഗഗാംഗീറില്‍ സാധാരണക്കാര്‍ക്ക് നേരെ നടന്ന ഹീനമായ ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഈ നിന്ദ്യമായ പ്രവൃത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ജമ്മു കശ്മീര്‍ പോലീസിനും സൈന്യത്തിനും സുരക്ഷാ സേനയ്ക്കും ഞങ്ങള്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
നമ്മുടെ ധീരരായ സൈനികര്‍ സ്ഥലത്തുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തീവ്രവാദികള്‍ കനത്ത വില നല്‍കുമെന്ന് അവര്‍ ഉറപ്പാക്കും.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രാജ്യം മുഴുവന്‍ അവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു. ‘എക്സ്’ലെ ഒരു പോസ്റ്റില്‍ മനോജ് സിന്‍ഹ എഴുതി.
ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. സോന്‍മാര്‍ഗ് ഏരിയയിലെ ഗഗന്‍ഗീറില്‍ തൊഴിലാളികള്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ വളരെ സങ്കടകരമായ വാര്‍ത്തയാണ് ഇത് എന്ന് അദ്ദേഹം ‘എക്സി’ല്‍ കുറിച്ചു. ഈ ആളുകള്‍ പ്രദേശത്ത് ഒരു പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 
ഈ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും രണ്ടോ മൂന്നോ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരായുധരായ നിരപരാധികള്‍ക്ക് നേരെയുള്ള ഈ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുകയും അവരുടെ പ്രിയപ്പെട്ടവരോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. അദ്ദേഹം കുറിച്ചു.
‘ജമ്മു കശ്മീരിലെ ഗംഗാന്‍ഗീറില്‍ സാധാരണക്കാര്‍ക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണം ഭീരുവും നിന്ദ്യവുമായ പ്രവൃത്തിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ‘എക്സി’ല്‍ കുറിച്ചു. ഈ ഹീനമായ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടവരെ വെറുതെ വിടില്ല, നമ്മുടെ സുരക്ഷാ സേനയില്‍ നിന്ന് സാധ്യമായ ഏറ്റവും ശക്തമായ പ്രതികരണം അവര്‍ നേരിടേണ്ടിവരും.
അങ്ങേയറ്റം ദുഃഖത്തിന്റെ ഈ വേളയില്‍, മരിച്ചവരുടെ കുടുംബങ്ങളോട് ഞാന്‍ എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം കുറിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *