എത്തുന്നത് 38 വര്‍ഷത്തിനിപ്പുറം; ആ മമ്മൂട്ടി ചിത്രത്തിന്‍റെ റീ റിലീസ് തീയതി പ്രഖ്യാപിച്ചു

റീ റിലീസ് ട്രെന്‍ഡില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മറ്റൊരു ചിത്രം കൂടി. മമ്മൂട്ടിയെ നായകനാക്കി ടി ദാമോദരന്‍റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ആവനാഴി എന്ന ചിത്രമാണ് ബിഗ് സ്ക്രീനിലേക്ക് ഒരിക്കല്‍ക്കൂടി എത്താന്‍ ഒരുങ്ങുന്നത്. 1986 സെപ്റ്റംബര്‍ 12 ന് ഒറിജിനല്‍ റിലീസ് നടന്ന ചിത്രമാണിത്. നീണ്ട 38 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയകാല പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ചിത്രം എത്തുന്നത്.

2025 ല്‍ പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് ഈ റീ റിലീസ് സംഭവിക്കുക. 2025 ജനുവരി 3 ആണ് റിലീസ് തീയതി. പൊലീസ് വേഷങ്ങളില്‍ ഒട്ടേറെ തവണ തിളങ്ങിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ ആഘോഷിക്കപ്പെട്ട പൊലീസ് കഥാപാത്രമാണ് ആവനാഴിയിലെ സിഐ ബല്‍റാം. വന്‍ സാമ്പത്തിക വിജയം നേടിയ ചിത്രവുമാണിത്. പിന്നീട് എണ്ണമറ്റ തവണ ടെലിവിഷനിലൂടെ സ്വീകരണ മുറികളിലേക്ക് എത്തിയ ചിത്രവും. ഗീത, സീമ, നളിനി, സുകുമാരന്‍, ക്യാപ്റ്റന്‍ രാജു, ജനാര്‍ദ്ദനന്‍, ഇന്നസെന്‍റ്, ശ്രീനിവാസന്‍, സി ഐ പോള്‍, പറവൂര്‍ ഭരതന്‍, കുണ്ടറ ജോണി, കെപിഎസി അസീസ്, ശങ്കരാടി, ജഗന്നാഥ വര്‍മ്മ, അഗസ്റ്റിന്‍, കുഞ്ചന്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പ്രതാപചന്ദ്രന്‍, അലിയാര്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രമാണിത്.

ജയറാം വി ആയിരുന്നു ഛായാഗ്രഹണം. ശ്യാമിന്‍റെ സംഗീതം. സാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാജനാണ് ചിത്രം നിര്‍മ്മിച്ചത്. പാലേരി മാണിക്യമാണ് മമ്മൂട്ടിയുടേതായി അടുത്ത കാലത്ത് റീ റിലീസ് ചെയ്യപ്പെട്ട മറ്റൊരു ചിത്രം. എംടി- ഹരിഹരന്‍- മമ്മൂട്ടി ടീമിന്‍റെ ഒരു വടക്കന്‍ വീരഗാഥയും വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നുണ്ട്. 

ALSO READ : ‘വാഴ’യ്ക്ക് മുന്‍പേ ഹാഷിര്‍ അഭിനയിച്ച സിനിമ; ‘ശ്രീ ഗരുഡകല്‍പ്പ’ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin