ആലപ്പുഴ ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

ആലപ്പുഴ: കോളജ് യൂണിയൻ തെരഞെടുപ്പിന് പിന്നാലെ അമ്പലപ്പുഴയിൽ കെഎസ്‍യു – എസ്എഫ്ഐ സംഘർഷം. അമ്പലപ്പുഴ ഗവ കോളേജിലെ കെ എസ് യു വിജയാഘോഷത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 4 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ചികിത്സയിലായിലായിരുന്നവരെ ആശുപത്രിയിൽ വച്ച് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചുവെന്ന് കെഎസ് യു ആരോപിച്ചു. ജില്ലയിൽ നാളെ കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. 

ഇന്ന് ഉച്ചയോടെ അമ്പലപ്പുഴ ഗവ കോളേജിന് മുന്നിൽ കെഎസ്‍യു പ്രവർത്തകരും എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒഴികെ മുഴുവൻ സീറ്റിലും കെഎസ്‍യു വിജയിച്ചിരുന്നു. ഇതിൻ്റെ വിജയാഘോഷമാണ് സംഘർഷത്തിൽ കലാശിച്ചത്. 

കോളജിൽ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയായിരുന്നു ആദ്യം തർക്കം. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരുമെത്തിയത്തോടെ സംഘർഷമായി. ഇരു വിഭാഗത്തിലുമുള്ള 4 പേർക്ക് പരിക്കേറ്റു. ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. 

വൈകിട്ടോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ വച്ച് വീണ്ടും സംഘർഷമുണ്ടായി. പരിക്കേറ്റു ചികിത്സ തേടിയ  കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ആര്യാ കൃഷ്ണൻ, തൻസിൽ നൗഷാദ്, അർജുൻ ഗോപകുമാർ എന്നിവർക്ക് മർദ്ദനത്തിൽ വീണ്ടും പരിക്കേറ്റു.  എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് കെഎസ്‍യു ആരോപിച്ചു. എന്നാൽ എസ്എഫ്ഐ ആരോപണം നിഷേധിച്ചു.

By admin