ആലപ്പുഴ :സംസ്ഥാനത്ത് തേങ്ങയുടെ വില കുതിച്ചുയർന്നു. തമിഴ്നാട്ടിൽ നിന്നെത്തുന്ന തേങ്ങയ്ക്ക് കിലോഗ്രാമിന് 60-65 വരെയായപ്പോൾ നാടൻതേങ്ങയ്ക്ക് ചിലയിടങ്ങളിൽ വില കിലോയ്ക്ക് 75-80 വരെയായി.വിലകൂടിയതോടെ പച്ചത്തേങ്ങ കിട്ടാതെയുമായി.തമിഴ്നാട്ടിലെ പ്രധാന തേങ്ങ ഉത്പാദന കേന്ദ്രമായ കന്യാകുമാരിയിലും തേങ്ങവില ഉയർന്നു. നാഗർകോവിൽ മാർക്കറ്റിൽ ഒരു കിലോ തേങ്ങയ്ക്ക് 50–55 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. 
നാഗർകോവിലിന് സമീപം ഈത്താമൊഴിയിൽ ഉത്പാദിപ്പിക്കുന്ന തേങ്ങയ്ക്കാണ് കേരളത്തിൽ കൂടുതൽ ആവശ്യക്കാരുളളത്. ഇതുകൂടാതെ കന്യാകുമാരി, രാജാക്കമംഗലം, പുത്തളം, തെങ്ങംപുതൂർ എന്നിവിടങ്ങളിൽ നിന്നും കുടംകുളത്തുനിന്നുമാണ് കേരളത്തിലെ മാർക്കറ്റുകളിൽ പ്രധാനമായും തേങ്ങ എത്തുന്നത്. ശബരിമല സീസൺ കൂടിയെത്തുന്നതോടെ വില വീണ്ടും കുതിച്ചുയർന്നേക്കും.തേങ്ങയ്ക്ക് വില കൂടിയതോടെ കൊപ്ര ഉതാപ്പാദനവും പലരും നിർത്തി. വെളിച്ചെണ്ണ മില്ലുകാരും ഉത്പാദനം കുറച്ചിട്ടുണ്ട്.
മുൻവർഷങ്ങളിലൊന്നും പച്ചത്തേങ്ങയുടെ വില ഇത്രയധികം ഉയർന്നിട്ടില്ല.എന്നാൽ, ഓണംകഴിഞ്ഞ് കഷ്ടിച്ച് ഒരുമാസം കഴിഞ്ഞപ്പോഴേക്കും വില ഇരട്ടിയിലധികമായി.തേങ്ങയ്ക്ക് ക്ഷാമം നേരിടുകയും വില കൂടുകയും ചെയ്തതോടെ വെളിച്ചെണ്ണ ഉൽപ്പാദനം നിർത്തിവച്ചിരിക്കുകയാണ്. 132 രൂപയാണ് ഇപ്പോൾ ഒരു കിലോ കൊപ്രയുടെ വില. ഇതനുസരിച്ച് ലിറ്ററിന് 250 രൂപ നിരക്കിലേ വെളിച്ചെണ്ണ വിൽക്കാൻ കഴിയുകയുള്ളൂ.
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *