കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയം ഉറപ്പാണെന്ന് ആവര്‍ത്തിച്ച് മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍. തൃശൂര്‍ പൂരം കലക്കല്‍ മുതല്‍ എ.ഡി.എമ്മിന്റെ ആത്മഹത്യ വരെ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
പാലക്കാട് ഞങ്ങള്‍ക്ക് നല്ല ഉറപ്പുള്ള സീറ്റാണ്. ഞങ്ങള്‍ ജയിക്കും. ഇവിടെ ഡീല്‍ നടക്കാനുള്ള സാധ്യതയുള്ളത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ്. എന്നാല്‍, എന്ത് ഡീല്‍ നടന്നാലും പാലക്കാട് യു.ഡി.എഫ്. ജയിക്കുകയും ചെയ്യും.
പൊളിറ്റിക്കലായുള്ള ചര്‍ച്ചയാണ് ഞങ്ങള്‍ ഉദേശിക്കുന്നത്. തൃശൂര്‍ പൂരം കലക്കിയത്, ആര്‍.എസ്.എസ്. നേതാവും അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച, അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്, പി.പി. ദിവ്യയുടെ അതിക്രമിച്ചുള്ള കടന്നുകയറ്റം എന്നിവ ചര്‍ച്ചയാകും.
മുഖ്യമന്ത്രിയുടെ ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മരിച്ചിട്ട് ഒരു അനുശോചനം രേഖപ്പെടുത്താന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ വീട് സന്ദര്‍ശിക്കാനോ ഒരു അനുശോചനം പറയാനോ പോലും തയാറായിട്ടില്ല. ഇതൊക്കെയാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ പാര്‍ട്ടിയില്‍ നിന്ന് ആരൊക്കെ പോയി, ആരൊക്കെ വന്നു എന്നുള്ളതൊന്നും ഒരു വിഷയമേയല്ല.
ഈ തെരഞ്ഞെടുപ്പിനെ ഒരു പൊളിറ്റിക്കല്‍ ഫൈറ്റായിട്ടാണ് കാണുന്നത്. മൂന്ന് മണ്ഡലത്തിലേക്കും സ്ഥാനാര്‍ഥികളായി. വയനാട്ടില്‍ ഞങ്ങളുടെ ലക്ഷ്യം ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതാണ്. ചേലക്കര പിടിച്ചെടുക്കണം. പാലക്കാട് നല്ല ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.