തിരുവനന്തപുരം: സമര കേരളത്തിൻെറ നായകൻ വി.എസ്.അച്യുതാനന്ദന് ഞായറാഴ്ച 101-ാം പിറന്നാൾ. മുഖ്യമന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടറി, ഇടത് മുന്നണി കൺവീനർ, സംസ്ഥാനത്തെ ഇളക്കി മറിച്ച പ്രതിപക്ഷ നേതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് ഉടമയായ ആ ജീവിതം നൂറ്റാണ്ട് പിന്നിട്ടിട്ടും എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ മുഹൂർത്തങ്ങളിലും വി.എസ് സജീവമായി ഉണ്ടായിരുന്നെങ്കിലെന്ന് കേരളം ഓർത്തുപോകാറുണ്ട്.
വി.എസ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയിട്ട് വർഷങ്ങളായിട്ടും രാഷ്ട്രീയ കേരളം അത്തരത്തിൽ ആ അസാന്നിധ്യം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹം നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളുടെയും സമരങ്ങളുടെയും വീരസ്മരണങ്ങളാണ്.
അനീതിക്കും അഴിമതിക്കും സ്ത്രീ പീഡകർക്കും കൈയ്യേറ്റക്കാർക്കും എതിരെ വി.എസ് തുറന്ന സമരമുഖങ്ങൾ കേരളത്തിൻെറ ചരിത്രത്തിൽ അതുവരെ കാണാത്ത ഇടപെടലുകളായിരുന്നു.
ഉന്നയിച്ച വിഷയങ്ങളിലും സ്വീകരിച്ച നിലപാടുകളിലും വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട വി.എസ് ഇരുട്ടിൻെറ മറവിൽ എതിരാളികളുമായി സന്ധി ചെയ്ത് നാടകം കളിച്ചിരുന്നില്ല. അതുകൊണ്ടാണ് സി.പി.എമ്മിനെയും സർക്കാരിനെയും ചൂഴ്ന്ന് നിൽക്കുന്ന ഇപ്പോഴത്തെ വിവാദങ്ങളിലെല്ലാം പാർട്ടി പ്രവർത്തകർ വി.എസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോകുന്നത്.
അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ ഉയർന്നുകേട്ട ശബ്ദമായിരുന്നു വി.എസ്. അഴിമതി കേസിൽ ആർ. ബാലകൃഷ്ണപിളളയെ ജയിലിൽ അടക്കുന്നതിന് കാരണഭൂതനായതും വി.എസ് അച്യുതാനന്ദനാണ്.
എ.ഡി.ജി.പി – ആർ.എസ്.എസ് കൂടിക്കാഴ്ച, പൂരം കലക്കൽ സ്വർണക്കടത്ത്, മാസപ്പടി വിവാദം എന്നിങ്ങനെ സർക്കാരിനെയും സി.പി.എമ്മിനെയും കുഴപ്പത്തിലേക്ക് തളളിവിട്ട വിവാദങ്ങളിലൊക്കെ കേരളം കേൾക്കാൻ ആഗ്രഹിച്ചത് വി.എസിൻെറ ശബ്ദമാണ്. അനാരോഗ്യത്തെ തുടർന്ന് വിശ്രമജീവിതം നയിക്കുമ്പോഴും ജനങ്ങളുടെ മനസിൽ പ്രതീക്ഷ ഉണർത്താൻ കഴിയുന്നു എന്നത് വി.എസിന് മാത്രം ലഭിക്കുന്ന അംഗീകാരമാണ്.
1923 ഒക്ടോബർ 20നാണ് വെന്തലത്തറ ശങ്കരൻ- അക്കമ്മ ദമ്പതികളുടെ മകനായി വി.എസ് അച്യുതാനന്ദൻ ജനിക്കുന്നത്. നന്നേ ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട വി.എസിന് ഒൻപത് വയസിൽ അച്ഛനെയും നഷ്ടപ്പെട്ടു. എന്നാൽ അച്ഛൻ പകർന്ന് നൽകിയ പോരാട്ട വീര്യമാണ് പിന്നീടിങ്ങോട്ടുളള ജീവിതത്തിൽ വി.എസിന് കരുത്തായത്.
സ്കൂളിലേക്ക് പോയിരുന്ന വി.എസിനെ ഉയർന്ന ജാതിയിലുളള കുട്ടികൾ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. അച്ഛനോട് പരാതിപ്പെട്ടപ്പോൾ അരയിലുളള അരഞ്ഞാണം കൊണ്ട് ആക്രമിക്കാൻ വരുന്നവരെ നേരിടാനാണ് ഉപദേശിച്ചത്. അന്ന് മേൽജാതിക്കാരായ കുട്ടികളോട് അരഞ്ഞാണം വീശിക്കൊണ്ട് തുടങ്ങിയ പോരാട്ടമാണ് പിൽക്കാലത്ത് അഴിമതിക്കാർക്കും പെൺവാണിഭക്കാർക്കും കൈയ്യേറ്റക്കാർക്കും എതിരെ ഉയർന്ന ചാട്ടവാറായി മാറിയത്.
ജ്യേഷ്ഠൻെറ ജൗളിക്കടയിലും ആസ്പിൻവാൾ കയർ ഫാക്ടറിയിലും ജോലി തുടങ്ങിയ വി.എസിനെ കമ്മ്യൂണിസത്തിലേക്ക് ആകർഷിച്ചത് പി. കൃഷ്ണപിളളയായിരുന്നു. കുട്ടനാട്ടിലെ കർഷകരെ സംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ട വി.എസിൻെറ നീട്ടിയും കുറുക്കിയുമുളള പ്രസംഗശൈലി രൂപപ്പെടുന്നതും അക്കാലത്താണ്.
പാവപ്പെട്ട കർഷക തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കികൊടുക്കാനായി സ്വീകരിച്ച ശൈലി, പിന്നീട് വി.എസിൻെറ ട്രേഡ് മാർക്കായി മാറി. 1964ൽ സി.പി.ഐ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിവന്ന് സി.പി.എം രൂപീകരിച്ച 32 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏകയാൾ വി.എസാണ്.
സി.പി.എം ജില്ലാ സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ് പാർട്ടിക്കകത്തും തികഞ്ഞ പോരാളിയായിരുന്നു. ഇന്ത്യാ-ചൈന യുദ്ധകാലക്ക് ജയിലിൽ വെച്ച്, പാർട്ടി തീരുമാനത്തിന് വിരുദ്ധമായി സൈനികർക്ക് രക്തം നൽകിയപ്പോഴാണ് വി.എസ് ആദ്യത്തെ അച്ചടക്ക നടപടി നേരിട്ടത്.
തലശേരിയിൽ നടന്ന പൊതുയോഗത്തിൽ വെച്ച് ഇ.എം.എസ് നമ്പൂതിരിപ്പാടാണ് വി.എസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച വിവരം പരസ്യപ്പെടുത്തിയത്. പിന്നെയും പലകാലങ്ങളിൽ പല വിഷയങ്ങളിൽ വി.എസ് അച്ചടക്ക നടപടി നേരിട്ടു.
പൊളിറ്റ് ബ്യൂറോയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടിട്ട് പോലും പാർട്ടിയുടെ അച്ചടക്ക നടപടി ഭയന്ന് വി.എസ് സ്വന്തം നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ല. ലാവലിൻ കമ്പനിക്കും വൈദ്യുതി ബോർഡിനും ഇടയിൽ നടന്ന കരാറിൽ അഴിമതി ഉണ്ടെന്ന് ഉറച്ച് വിശ്വസിച്ച വി.എസ് അവസാനം വരെ പൊരുതിയതാണ് ഇതിനുളള ഏറ്റവും നല്ല ഉദാഹരണം.
വിമർശനങ്ങൾക്ക് ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തും വി.എസ് തൻെറ സമരയൗവനം കാത്തു. 2012ലെ സി.പി.എം തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിലെ പൊതുചർച്ചയിൽ തനിക്ക് കാപ്പിറ്റൽ പണിഷ്മെന്റ് വിധിക്കണമെന്ന് പറഞ്ഞ എം. സ്വരാജ് എന്ന അന്നത്തെ യുവനേതാവിന് പൊതുസമ്മേളനത്തിൽ നാലാള് കേൾക്കെ തന്നെ മറുപടി പറയുന്നതായിരുന്നു വി.എസിൻെറ പ്രകൃതം.
പാർട്ടി പ്രവർത്തനത്തിൻെറ ആദ്യകാലത്ത് കാപ്പിറ്റൽ പണിഷ്മെന്റ് വിധിക്കാൻ പലരും വന്നിട്ടുണ്ടെന്നും അന്നൊന്നും പേടിച്ചിട്ടില്ല പിന്നെയാണോ ഇപ്പോൾ എന്നായിരുന്നു വി.എസ് , സ്വരാജിന് നൽകിയ മറുപടി.
ഒരു കാലത്ത് കർക്കശക്കാരനായ, പാർട്ടിയുടെ ഇരുമ്പുമറക്ക് പിന്നിൽ നിലകൊണ്ട രാഷ്ട്രീയ നേതാവായിരുന്നു വി.എസ്. 1980 മുതൽ 1992 വരെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും വി.എസിൻെറ പ്രതിഛായ അതായിരുന്നു.
സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷം നേതൃത്വം കൊടുത്ത നിലംനികത്തൽ വിരുദ്ധ വെട്ടിനിരത്തൽ സമരകാലത്തും ആ പരുക്കൻ പ്രതിഛായ അതേ പോലെ തന്നെ നിലനിന്നു. 1996ൽ മാരാരിക്കുളത്ത് തോറ്റതിൻെറ പകയിൽ 98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ വെച്ച് സി.ഐ.ടി.യു പക്ഷത്തെ മുച്ചൂടും മുടിച്ച് വെട്ടിനിരത്തിയതോടെ വി.എസിൻെറ പരുക്കൻ പ്രതിഛായ ഒന്നുകൂടി തെഴുത്തു.
എന്നാൽ 2001ൽ മലമ്പുഴയിൽ നിന്ന് ജയിച്ച് പ്രതിപക്ഷ നേതാവായതോടെ വി.എസ് പുതിയൊരു മനുഷ്യനായി. ജനകീയ വിഷയങ്ങളിൽ ഇടപെട്ടും ഏറ്റെടുത്തും ജനകീയതയുടെ മേലങ്കി എടുത്തണിഞ്ഞു.
പൂമാലയിലെ വൃക്കവാണിഭമാകട്ടെ, മതികെട്ടാനിലെ കൈയ്യേറ്റമാകട്ടെ, മാവൂർ റയോൺസിലെ തടി ഇടപാടാകട്ടെ , വയനാട്ടിലെ കർഷക ആത്മഹത്യയാകട്ടെ എല്ലാത്തിലും വി.എസ് സജീവമായി ഇടപെട്ടു.
കിളിരൂർ കവിയൂർ പെൺവാണിഭ കേസുകളിൽ മുഖം നോക്കാതെ നിലപാടെടുത്തു. പെൺവാണിഭക്കാരെ കൈയ്യാമം വെക്കാൻ ബദ്ധകങ്കണമായി നീങ്ങണമെന്ന് ആഹ്വാനം ചെയ്തു. അതുവരെ കേരളം കാണാത്ത വിട്ടുവീഴ്ചയില്ലാത്ത സമരപോരാട്ടത്തിൻെറ ജനകീയ പര്യായമായി വി.എസ് സ്വയം മാറ്റിയെഴുതി.
എത്തുന്നിടത്തെല്ലാം പാർട്ടിക്കാരും കണ്ണേ കരളേ എന്ന് ഏറ്റുവിളിച്ചു. പാർട്ടിക്കും മേൽ വളർന്ന പ്രതിഛായയിൽ അസൂയപൂണ്ട നേതൃത്വം 2006ൽ സീറ്റ് നിഷേധിച്ചാണ് പകരം വീട്ടിയത്. തെരുവുകൾ സമര കേന്ദ്രങ്ങളാകുന്നതും ജനങ്ങൾ വി.എസിന് വേണ്ടി പ്രകടനം നടത്തുന്നതുമാണ് പിന്നെ കേരളം കണ്ടത്.
അന്നാദ്യമായി പാർട്ടിയുടെ തീരുമാനം ജനകീയ ഇടപെടൽ കൊണ്ട് തിരുത്തപ്പെട്ടു. വി.എസിന് സീറ്റ് ലഭിച്ചു, മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രിയായി. സമരത്തിന് ഇടവേളകളില്ലെന്ന് വ്യക്തമാക്കുന്നതായി വി.എസിൻെറ ഭരണകാലം.
ഇങ്ങനെ അസംഖ്യം രാഷ്ട്രീയ മൂഹൂർത്തങ്ങളിലുടെ കടന്നുപോയ വി.എസ് പക്ഷാഘാതത്തെ തുടർന്നാണ് പൊതു ജീവിതത്തിൽ നിന്ന് പിൻവാങ്ങിയത്. ഇപ്പോൾ ബാർട്ടൻ ഹില്ലിലെ മകൻെറ വീട്ടിൽ വിശ്രമിക്കുന്ന വി.എസ് അച്യുതാനന്ദൻ ഒന്നിനോടും പ്രതികരിക്കാൻ ആകാത്ത അവസ്ഥയിലാണ്.
എങ്കിലും അദ്ദേഹം എല്ലാം അറിയുന്നുണ്ടാകണം, തനിക്ക് നേരെ വാളോങ്ങിയവരെല്ലാം തകർന്ന് വീഴുന്നതും പൊളിഞ്ഞടങ്ങുന്നതും മനസിലാക്കുന്നുണ്ടാവും. ഒരു കാവ്യനീതി പോലെ എല്ലാം വി.എസ് ജീവിച്ചിരിക്കുമ്പോൾ തന്നെ സംഭവിക്കുന്നു !