കൊച്ചി : ലോക്കറിൽ വയ്ക്കാൻ ഭാര്യ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് വിശ്വാസവഞ്ചന കാണിച്ചു. കുറ്റക്കാരനാണെന്ന കണ്ടെത്തലിനെത്തുടർന്ന് ഭർത്താവിന് ആറുമാസം തടവുശിക്ഷയും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ച് കോടതി.
പരാതിക്കാരിയുടെ  വിവാഹം നടന്നത് 2009ലാണ് . ആ സമയത്ത് ഭാര്യയുടെ മാതാവ് സമ്മാനിച്ചതാണ് 50 പവൻ സ്വർണം. ഇത് ബാങ്ക് ലോക്കറിൽ സൂക്ഷിക്കാനും ആവശ്യപ്പെടുമ്പോൾ തിരികെ നൽകാനും ഭർത്താവിനോട് പറഞ്ഞിരുന്നു. സ്വർണം തിരികെ ചോദിച്ചപ്പോഴാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ അതു പണയം വച്ചിരിക്കുകയാണെന്ന് ഭാര്യ അറിയുന്നത്.
ഇതോടെ വിവാഹബന്ധം തകരുകയും ഭാര്യ മാതാപിതാക്കൾക്കടുത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പിന്നീട് ഇടനിലക്കാർ വഴിയുണ്ടാക്കിയ കരാര്‍ പ്രകാരം സ്വർ‍ണം തിരികെ എടുത്തു നൽകാമെന്ന് പറഞ്ഞെങ്കിലും ഇതു സാധ്യമായില്ല. തുടർന്ന് ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.
ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചത് വിശ്വാസ വഞ്ചനയാണ് എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഇതിനായി, രേഖകൾ വ്യാജമായി ഉണ്ടാക്കിയെന്നും ഇതും ഭാര്യയെ വഞ്ചിക്കലായിരുന്നു എന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസ് ആദ്യം പരിഗണിച്ച മജിസ്ട്രേട്ട് കോടതി ഐപിസി 406 വകുപ്പ് അനുസരിച്ച് പ്രതി കുറ്റക്കാരനെന്നു വിധിക്കുകയും മറ്റു വകുപ്പുകൾ ഒഴിവാക്കുകയും ചെയ്തു.
പ്രതിക്ക് കോടതി ആറുമാസം തടവാണ് ശിക്ഷയായി വിധിച്ചത്. ഇതിനെതിരെ പ്രതി സെഷൻസ് കോടതിയെ സമീപിച്ചു. പ്രതിയായ ഭർത്താവിനെ മറ്റു വകുപ്പുകളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഭാര്യയും കോടതിയെ സമീപിച്ചു. മജിസ്ട്രേട്ട് കോടതി വിധി ശരിവയ്ക്കുകയാണ് സെഷൻസ് കോടതിയും ചെയ്തത്. മാത്രമല്ല, 5 ലക്ഷം രൂപ നഷ്ടപരിഹാരമായി പരാതിക്കാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. 

By admin

Leave a Reply

Your email address will not be published. Required fields are marked *