റാഞ്ചി: ഛത്തീസ്ഗഡിലെ ശക്തി ജില്ലയില്‍ രണ്ട് സഹോദരന്മാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി കുടുംബം ചില ചടങ്ങുകള്‍ നടത്തിയിരുന്നതായി കണ്ടെത്തി. ബരദ്വാര് പോലീസ് സ്റ്റേഷന് പരിധിയിലെ തണ്ടുല്ദിഹ് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് രമാ പട്ടേല്‍ പറഞ്ഞു.
അകത്ത് നിന്ന് പൂട്ടിയിരുന്ന വീട്ടില്‍ നിന്ന് മന്ത്രോച്ചാരണത്തിന്റെ വലിയ ശബ്ദം കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് സംഘം വികാസ് ഗോണ്ട് (25), വിക്കി ഗോണ്ട് (22) എന്നിവരെ മരിച്ച നിലയിലും മറ്റ് കുടുംബാംഗങ്ങളെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.
സഹോദരന്മാരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ അമ്മ പിരിത് ബായി (70), സഹോദരിമാരായ ചന്ദ്രിക, അമരിക, മറ്റൊരു സഹോദരന് വിശാല്‍ എന്നിവര്‍ ചികിത്സയിലാണ്.