കൊല്ലം: സര്‍വകലാശാല അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് മുറിക്ക് പുറത്ത് നിന്നുള്ള നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ വേദിയൊരുക്കി ഹൈദരാബാദിലെ ഗീതം യൂണിവേഴ്‌സിറ്റി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ചെയിഞ്ച് മേക്കേഴ്‌സ് സെഷനില്‍ പങ്കെടുത്ത് ദേശീയ- അന്തര്‍ദേശീയ നേതാക്കള്‍,അക്കാദമി വിദഗ്ധര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി സംവദിക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിച്ചു.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ പാര്‍ലമെന്ററി പങ്കാളിത്തം എന്ന വിഷയത്തില്‍ മുതിര്‍ന്ന പാര്‍ലമെന്റേറിയനും റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടറിയുമായ എന്‍ കെ പ്രേമചന്ദ്രന്‍, ഗീതം യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ശ്രീഭരത്, പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡി.എസ്. റാവു തുടങ്ങിയവര്‍ സംസാരിച്ചു.ദേശീയ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഉത്തരവാദിത്തമുള്ള പാര്‍ലമെന്റിന്റെ പങ്കിനെക്കുറിച്ചും പ്രതിപക്ഷത്തിന്റെ ഭാഗമാകുന്നതിന്റെ വെല്ലുവിളികളും അവസരങ്ങളും തുടങ്ങി നിരവധി കാര്യങ്ങള്‍ അദ്ദേഹം വിവരിച്ചു. ക്രിയാത്മക നയ സംഭാവനകള്‍ രാഷ്ട്രീയ വിന്യാസത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.ദക്ഷിണേന്ത്യയിലെ ജലക്ഷാമത്തെക്കുറിച്ച് പ്രത്യേകിച്ച് വയനാട്ടിലുണ്ടായ അപകടം പോലുള്ള സമീപകാല വെല്ലുവിളികളുടെ വെളിച്ചത്തില്‍ സുസ്ഥിര ജല സംരക്ഷണത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പങ്ക്, ജനാധിപത്യം, ഭരണം എന്നിവയെക്കുറിച്ചുള്ള ചോദ്യോത്തര വേളയോടെയാണ് സെഷന്‍ സമാപിച്ചത്.