ഏറ്റുമാനൂര്‍: പട്ടിത്താനത്ത് എംസി. റോഡിലെ ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി സാമൂഹ്യവിരുദ്ധര്‍. ദുര്‍ഗന്ധം കാരണം വാഹന യാത്രികരും, പ്രദേശവാസികളും മണിക്കൂറുകളോളം വലഞ്ഞു. രാവിലെ മുതല്‍ ദുര്‍ഗന്ധം വമിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓടയില്‍ കക്കൂസ് മാലിന്യം കണ്ടത്.
പുലർച്ചെ ടാങ്കര്‍ ലോറിയില്‍ എത്തിച്ച മാലിന്യം റോഡരികിലെ തുറന്നു കിടക്കുന്ന ഓടയിലേക്ക് ഒഴുക്കുകയായിരുന്നു. നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയത്.
ഓടയില്‍ ചെളിനിറഞ്ഞു കിടന്ന ഭാഗത്തുകൂടെ മാലിന്യം റോഡിലേക്കും ഒഴുകി. ഇതോടെ പ്രദേശത്ത് നില്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയുണ്ടായി. മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം സമീപവാസികളില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതോടെ പരാതി ഏറ്റുമാനൂര്‍ നഗരസഭയില്‍ എത്തി.
നഗരസഭ ശുചീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്തു. പ്ലാസ്റ്റിക് കുപ്പികളും, പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ മാലിന്യങ്ങളും അടക്കം വന്‍തോതില്‍ മാലിന്യം ഓടയില്‍ അടിഞ്ഞുകൂടി ഓടയിലൂടെയുള്ള വെള്ളം ഒഴുക്കിന് തടസം സൃഷ്ടിച്ചിരുന്നു.
മാലിന്യം ഒഴുക്കിയവരെ പിടികൂടി ശിക്ഷിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്കു മുന്‍പു വെച്ചൂരിലും കക്കൂസ് മാലിന്യം റോഡിലേക്കു ഒഴുക്കിയിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ഉള്‍പ്പടെ തകര്‍ത്ത ശേഷമാണു മാലിന്യം നിക്ഷേപിച്ച സംഘം രക്ഷപെട്ടത്.