ന്യൂഡൽഹി∙ യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് . കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുപ്രീം കോടതിയിൽ പൊലീസിന്റെ സത്യവാങ്മൂലം. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് പൊലീസ് സത്യവാങ്മൂലം സമർപ്പിച്ചത്.
പ്രാരംഭ അന്വേഷണത്തിൽ സിദ്ദിഖിനെതിരെ തെളിവുകൾ ലഭിച്ചു. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കസ്റ്റഡി ആവശ്യമാണെന്ന് പൊലീസ് പറയുന്നു. സിദ്ദിഖിനെതിരെ നടിയുടെ പരാതി വൈകിയതെന്ത് എന്ന കോടതിയുടെ ചോദ്യത്തിനും പൊലീസ് മറുപടി നൽകി.
പീഡനം നടന്നതിനുശേഷം, പരാതി നൽകാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല യുവനടിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന് സെപ്റ്റംബർ 30ന് സുപ്രീം കോടതി താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചിരുന്നു.
മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സിദ്ദിഖ് നൽകിയ ഹർജിയിൽ എതിർകക്ഷികൾ രണ്ടാഴ്ചയ്ക്കു ശേഷം മറുപടി നൽകണമെന്ന് ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നു.