ചെന്നൈ: സംസ്ഥാന മന്ത്രിസഭയുടെ തീരുമാനങ്ങള്‍ പാലിക്കാന്‍ ഗവര്‍ണര്‍ ഭരണഘടനാപരമായി ബാധ്യസ്ഥനാണെന്ന് മദ്രാസ് ഹൈക്കോടതി. ജീവപര്യന്തം തടവുകാരന്റെ മോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
പുഴല്‍ ജയിലില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന വീരഭാരതിയാണ് മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
20 വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജയില്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിക്ക് അദ്ദേഹം നേരത്തെ നിവേദനം നല്‍കിയിരുന്നു.
സമാനമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട മറ്റ് തടവുകാരെ നേരത്തെ വിട്ടയച്ചതായും വീരഭാരതി വാദിച്ചു.
സമഗ്രമായ അവലോകനത്തിന് ശേഷം സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്തതായും ആവശ്യമായ രേഖകള്‍ സഹിതം ഈ ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയുടെ അംഗീകാരത്തെ തുടര്‍ന്ന് അന്തിമ അനുമതിക്കായി അപേക്ഷ ഗവര്‍ണര്‍ക്ക് അയച്ചു.
എന്നാല്‍, തന്റെ മോചനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതായി വീരഭാരതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എസ്എം സുബ്രഹ്‌മണ്യം, വി ശിവജ്ഞാനം എന്നിവരടങ്ങുന്ന ബെഞ്ച്, പേരറിവാളന്‍ (മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടത്) പോലുള്ള കേസുകളിലെ സുപ്രീം കോടതി വിധി പരാമര്‍ശിച്ചു.
ജീവപര്യന്തം തടവുകാരനായ പേരറിവാളനെ 30 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം 2022 മെയ് 18 ന് മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും കോടതി വ്യക്തമാക്കി. വീരഭാരതിയുടെ ഹര്‍ജി വീണ്ടും പരിഗണിക്കാനും ഇടക്കാല ജാമ്യം അനുവദിക്കാനും ബെഞ്ച് നിര്‍ദേശിച്ചു.