കോട്ടയം: ”പുറമേയ്ക്കു കണ്ടാല്‍ എല്‍.എച്ച.ബി. കോച്ചുകിലേക്കു മാറിയ തിരുവനന്തപുരം – കണ്ണൂര്‍ ജനശദാബ്ദി എക്സ്പ്രസ് ഉള്ളിലേക്കു കേറിയാല്‍ മെമു”!. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച എല്‍.എച്ച്.ബി. കോച്ചിലേക്കു മാറിയ തിരുവനന്തപുരം – കണ്ണൂര്‍ ജനശദാബ്ദി എക്സ്പ്രസിലെ യാത്രക്കാരന്റെ വാക്കുകളാണിത്.
സാധാരണ മെമുവില്‍ കണ്ടുവരുന്ന സീറ്റാണ് ആധുനിക നിലവാരത്തില്‍ നിര്‍മിച്ച കോച്ചുകളില്‍ പിടിപ്പിച്ചിരിക്കുന്നതെന്നു യാത്രക്കാര്‍ പറയുന്നു. തിരുവനന്തപുരത്തു നിന്നു യാത്ര ചെയ്തു കണ്ണൂരെത്തുമ്പോഴേയ്ക്കും ‘നടുവിന്റെ പണി’ തീരുമെന്നാണു യാത്രക്കാരുടെ പരാതി.
കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജനശദാബ്ദി കേരളത്തിലെ ജനപ്രീയ ട്രെയിനുകളില്‍ ഒന്നാണ്. ജനശദാബ്ദിയിലെ പഴയ മോഡല്‍ കോച്ചുകളെ സംബന്ധിച്ചു കാലങ്ങളായി യാത്രക്കാര്‍ക്കു പരാതിയുണ്ടായിരുന്നു.
തീരെ മോശം അവസ്ഥയിലുള്ളതായിരുന്നു കോച്ചുകള്‍. ഇടയ്ക്ക് ഒന്നു മോഡിഫൈ ചെയ്തെങ്കിലും പോരായ്മകൾ ഏറെയായിരുന്നു. ഇതോടെയാണ് എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചത്. പൂര്‍ണമായും എല്‍.എച്ച്.ബി കോച്ചുകളിലേക്കു മാറിയതോടെ മികച്ച സൗകര്യങ്ങളാണു ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്.
മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, നിറയെ ഫാനുകള്‍, എ.സി കോച്ചുകളില്‍ പുഷ് ബാക്ക് സീറ്റുകള്‍, ബയോടോയ്ലറ്റ് സംവിധാനമുള്ള ആധുനിക ടോയ്ലറ്റുകള്‍ എന്നിവയാണ് കോച്ചിലെ പ്രധാന സൗകര്യങ്ങള്‍.
കോച്ചുകള്‍ കൂട്ടിയിടിച്ചാല്‍ അപകടസാധ്യത കുറവാണെന്നതാണു മറ്റൊരു സവിശേഷത. ഭാരക്കുറവുള്ള ലോഹഭാഗങ്ങള്‍കൊണ്ടാണു നിര്‍മിച്ചിട്ടുള്ളത്. ഇത്തരം കോച്ചുകള്‍ മാത്രമുള്ള തീവണ്ടികള്‍ക്ക് അതിവേഗം യാത്ര ചെയ്യാനുമാകും.
പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും കോച്ചിലെ സീറ്റുകളെക്കുറിച്ചു വ്യാപക പരാതികള്‍ ഉയരുകയാണ്. ദീര്‍ഘദൂര സര്‍വീസിന് അനുയോജ്യമായ സീറ്റുകളല്ല എന്നതാണു പ്രധാന പരാതി. മുന്‍പുണ്ടായിരുന്ന സീറ്റുകള്‍ വ്യക്തികള്‍ക്കനുയോജ്യമായിരുന്നെങ്കില്‍ പുതിയ സീറ്റുകള്‍ ലോക്കല്‍ ട്രെയിനില്‍ ഘടിപ്പിക്കുന്നവയാണ്.
ഇതോടെ പത്തു മണിക്കൂര്‍ യാത്ര ചെയ്യേണ്ട യാത്രക്കാര്‍ വ്യാപക പരാതി ഉന്നയിക്കാന്‍ തുടങ്ങി. 500 കിലോമീറ്റര്‍ ദൂരമാണ് തിരുവനന്തപുരം- കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ തമ്മില്‍ ഉള്ളത്. ഇത്രയും ദൂരമുള്ള ട്രെയിനില്‍ അനുയോജ്യമായ സീറ്റുകള്‍ ഘടിപ്പിക്കാതെ ലോക്കല്‍ ട്രെയിനുകളില്‍ ഘടിപ്പിക്കുന്ന സീറ്റുകള്‍ നല്‍കിയതു ചതിയായിപോയി എന്നും യാത്രക്കാര്‍ പറയുന്നു.