പാലക്കാട്: അമിതവേ​ഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷ്റഫലിയുടെ മകൻ മുഹമ്മദ് റോഷൻ (15), വടക്കഞ്ചേരി നായർകുന്ന് കൈതപ്പാടം വലിയ വീട്ടിൽ വി.എം. ഇക്ബാലിന്റെ മകൻ മുഹമ്മദ് ഇസാം (15) എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ തൃശൂർ തലോർ സ്വദേശി ഇമ്മാനുവലിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത നീലിപ്പാറയിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം.വാണിയമ്പാറ മേലേചുങ്കം പള്ളിയിൽ നമസ്കാരശേഷം സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥികളെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികളിൽ ഒരാൾ 20 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. മറ്റൊരാൾ തെറിച്ച് കാറിന്റെ ചില്ലിൽ ഇടിച്ച ശേഷം റോഡരികിലേക്ക് പതിച്ചു. ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 
 പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. മുഹമ്മദ് ഇസാമിന്റെ മാതാവ്: നസീമ. സഹോദരി: ഇഷ. മുഹമ്മദ് റോഷന്റെ മാതാവ്: റംലത്ത്. സഹോദരങ്ങൾ: റഹീമ തസ്നി, രഹ്ന നസ്റിൻ. ഖബറടക്കം പോസ്റ്റ്മോർട്ടശേഷം നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *