കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തെ ദുഖമറിയിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ കത്ത്. പത്തനംതിട്ട സബ് കലക്ടര്‍ നേരിട്ടെത്തിയാണ് കുടുംബത്തിന് കണ്ണൂര്‍ കലക്ടറുടെ കത്ത് കൈമാറിയത്.
പത്തനംതിട്ടയില്‍ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഇതെഴുതുന്നതെന്ന് കത്തില്‍ പറയുന്നു. നവീന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിയുന്നതുവരെ പത്തനംതിട്ടയിലുണ്ടായിരുന്നു.
നേരില്‍ വന്നു ചേര്‍ന്നു നില്‍ക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. നവീന്റെ കൂടെയുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെ കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്നു മാത്രമാണ്. മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ലെന്നും കളക്ടര്‍ കുറിച്ചു.
ഇന്നലെ വരെ എന്റെ തോളോട് തോള്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി എനിക്കറിയാവുന്ന നവീന്‍. ഏതു കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന പ്രിയ സഹപ്രവര്‍ത്തകന്‍. 
സംഭവിക്കാന്‍ പാടില്ലാത്ത, നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപോലെ പങ്കുചേരാന്‍ മനസ്സ് വെമ്പുമ്പോഴും, നവീന്റെ വേര്‍പാടില്‍ എനിക്കുള്ള വേദനയും നഷ്ടബോധവും പതര്‍ച്ചയും പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല.
എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുന്നുള്ളൂ. പിന്നീട് ഒരവസരത്തില്‍ നിങ്ങളുടെ അനുവാദത്തോടെ, ഞാന്‍ വീട്ടിലേക്ക് വരാമെന്നും കത്തില്‍ പറയുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *