ഡല്‍ഹി: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി ചുമതലയേറ്റു. ചുമതലയേറ്റ ശേഷം മന്ത്രിമാരുടെ ഓഫീസുകള്‍ സന്ദര്‍ശിക്കുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
അനില്‍ വിജിനൊപ്പമാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തിയത്. ഗുരുതരാവസ്ഥയിലുള്ള വൃക്കരോഗികള്‍ക്കായി എല്ലാ പൊതു ആശുപത്രികളിലും സൗജന്യ ഡയാലിസിസ് സേവനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ഭാവിയില്‍ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം കര്‍ഷകരെ ഇളക്കിവിടുകയും യുവാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഈയിടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ മിനിമം താങ്ങുവിലയ്ക്ക് നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും സൗജന്യ വൃക്ക ചികിത്സ നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി അറിയിച്ചു.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലില്‍ ഞങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പണം ഹരിയാന സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ജനങ്ങളുടെ പിന്തുണയ്ക്കും സൈനി നന്ദി പറഞ്ഞു.