ഗാസ: വ്യാഴാഴ്ച ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ പങ്കിട്ട് ഇസ്രായേല്‍. സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ പകര്‍ത്തിയ ഡ്രോണ്‍ ദൃശ്യങ്ങളാണ് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടത്.
തകര്‍ന്ന ഒരു അപ്പാര്‍ട്ട്മെന്റിലെ സോഫയില്‍ സിന്‍വാര്‍ ഇരിക്കുന്നതും തലയും മുഖവും സ്‌കാര്‍ഫ് കൊണ്ട് മറച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കെട്ടിടത്തിന്റെ ഭിത്തികള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നതും വ്യക്തമാണ്. സിന്‍വാറിന്റെ ചുറ്റും പൊടിപടലങ്ങളും മൂടിയിരിക്കുന്നത് കാണാം.
ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുമ്പോള്‍ സിന്‍വാറിനെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും ഒരു പോരാളിയായി മാത്രമേ കണക്കാക്കിയിരുന്നുള്ളുവെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. തുടര്‍ന്ന് സൈന്യം കെട്ടിടത്തിന് നേരെ മറ്റൊരു ഷെല്‍ പ്രയോഗിച്ചു, ഇത് തകര്‍ന്നാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്.
‘സിന്‍വാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു, എന്നാല്‍ ഞങ്ങളുടെ സൈന്യം അയാളെ ഇല്ലാതാക്കി,’ ഹഗാരി പറഞ്ഞു.
അതെസമയം സിന്‍വാറിന്റെ കൊലപാതകത്തെക്കുറിച്ച് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.