കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. എ.ഡി.എമ്മിന്റെ മരണത്തിലേക്ക് നയിച്ച വിവാദയോഗത്തിൽ ദിവ്യ പങ്കെടുത്തതിന് പിന്നിൽ ജില്ല കലക്ടർക്ക് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ജില്ല കലക്ടറായിരുന്നു അധ്യക്ഷതയിൽ.
എന്നാൽ തൽകാലം കണ്ണൂരിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ മടക്കുകയായിരുന്നു. എ.ഡി.എമ്മിന്റെ മരണത്തിൽ കണ്ണൂർ കലക്ടറേറ്റിലെ ജീവനക്കാരുടെ പ്രതിഷേധം മുൻകൂട്ടി കണ്ടായിരുന്നു കലക്ടർ സ്ഥലംമാറ്റത്തിന് ശ്രമം നടത്തിയത്.
പത്തനംതിട്ടയിൽ എ.ഡി.എമ്മിന്റെ സംസ്ഥാന ചടങ്ങിൽ പങ്കെടുത്ത കലക്ടർ കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഓഫിസിലേക്ക് വന്നിരുന്നില്ല. കലക്ടർ ഓഫിസിലെത്തിയാൽ ബഹിഷ്കരിക്കാനായിരുന്നു സിവിൽ സ്റ്റേഷനിലെ ജീവനക്കാർ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
കണ്ണൂരിലെ റവന്യൂ വകുപ്പിലെ ജീവനക്കാർ നൽകിയ തീർത്തും സ്വകാര്യമായ ചടങ്ങിലേക്കാണ് ക്ഷണിക്കാതെ പി.പി. ദിവ്യ എത്തിയത്. പരിപാടി രാവിലെ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് കലക്ടറുടെ സൗകര്യം പരിഗണിച്ച് വൈകീട്ടത്തേക്ക് മാറ്റുകയായിരുന്നു.