‘അവനോട് മുട്ടാൻ നില്‍ക്കേണ്ട, അവനിപ്പോൾ ഡിഎസ്‌പിയാണ്’; സിറാജിനോട് കോര്‍ത്ത കോണ്‍വേയോട് ഗവാസ്കര്‍

ബെംഗളൂരു: ഇന്ത്യ-ന്യൂസിലന്‍ഡ് ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ന്യൂസിലന്‍ഡ് ഓപ്പണർ ഡെവോണ്‍ കോണ്‍വെയോട് വാക് പോരുമായി ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്. സിറാജിന്‍റെ പന്തില്‍ കോണ്‍വെ ബൗണ്ടറി നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്ത് കോണ്‍വെ പ്രതിരോധിച്ചപ്പോള്‍ കോണ്‍വെക്ക് അടുത്തെത്തി സിറാജ് വിരല്‍ ചൂണ്ടി സംസാരിക്കുന്നത് കാണാമായിരുന്നു.

എന്നാല്‍ സിറാജിന്‍റെ പ്രകോപനത്തെ ചിരിയോടെയാണ് കോണ്‍വെ നേരിട്ടത്. ഇതിന് പിന്നാലെ കമന്‍ററി ബോക്സിലുണ്ടായിരുന്ന സുനില്‍ ഗവാസ്കറുടെ വാക്കുകളാണ് ആരാധകരെ ചിരിപ്പിച്ചത്. സിറാജിനോട് കളിക്കാന്‍ നില്‍ക്കേണ്ട, അവന്‍ ഇപ്പോ ഡിഎസ്‌പി ആണെന്നായിരുന്നു ഗവാസ്കര്‍ ലൈവ് കമന്‍ററിയില്‍ പറഞ്ഞത്. ടീം അംഗങ്ങള്‍ അവന് സല്യൂട് അടിച്ചിരുന്നോ എന്ന് എനിക്ക് സംശയമുണ്ടെന്നും ഗവാസ്കര്‍ തമാശയായി പറഞ്ഞു.

റിഷഭ് പന്തിന്‍റെ കാല്‍മുട്ടിനേറ്റ പരിക്ക്; നിർണായക അപ്ഡേറ്റുമായി ക്യാപ്റ്റൻ രോഹിത് ശർമ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിറാജ് തെലങ്കാന പൊലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആയി ചുമതലയേറ്റത്. ഡിജിപി ഓഫീസിലെത്തി സിറാജ് ചാര്‍ജെടുക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, സിറാജിന് ഗ്രൂപ്പ്-1 സര്‍ക്കാര്‍ പദവി ലഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന ശക്തമായ നിലയിലാണ്. 22 റണ്‍സോടെ രചിന്‍ രവീന്ദ്രയും 14 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍. 91 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 134 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ഇന്ത്യക്കായി അശ്വിനും ജഡേജയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് പേസര്‍മാര്‍ ഇന്ത്യയെ തകര്‍ത്ത പിച്ചില്‍ സിറാജിനും ബുമ്രക്കും വിക്കറ്റൊന്നും വീഴ്ത്താനാവാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക