ഡല്‍ഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി.
കോയമ്പത്തൂരിലെ ഇഷ യോഗാകേന്ദ്രത്തില്‍ തന്റെ രണ്ട് പെണ്‍മക്കളെ അനധികൃതമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി തള്ളി.
ഇഷ യോഗാ സെന്ററിനെതിരായ മറ്റ് ആരോപണങ്ങളില്‍ പോലീസ് അന്വേഷണത്തിനുള്ള മാദ്രാസ് ഹൈക്കോടതി നിര്‍ദേശവും സുപ്രീംകോടതി ഒഴിവാക്കി.
42 ഉം 39ളം വയസ് പ്രായമായ മക്കള്‍ അവരുടെ സ്വന്തം ഇഷ്ടത്തിനാണ് ആശ്രമത്തില്‍ താമസിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഇവരുവരും പ്രായപൂര്‍ത്തി ആയവരായതിനാലും ഹേബിയസ് കോര്‍പ്പസിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെട്ടതിനാലും ഹൈക്കോടതിയില്‍നിന്ന് കൂടുതല്‍ നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
39 ഉം 42 ഉം വയസ്സുള്ള രണ്ട് സ്ത്രീകളെ തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി തടവിലാക്കിയെന്നും കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ്റെ ആശ്രമത്തിൽ വെച്ച് അവരെ “മസ്തിഷ്ക പ്രക്ഷാളനം” ചെയ്യിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
സുപ്രീംകോടതിയുടെ വിധി ഈ കേസിൽ മാത്രമാണെന്നും ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഭാവി നടപടികളെ തടയുന്നില്ലെന്നും കോടതി പറഞ്ഞു.
അവർ ആശ്രമത്തിൽ ചേരുമ്പോൾ 27ഉം 24ഉം വയസ്സായിരുന്നു എന്നും കോടതിയിൽ ഹാജരാവുക വഴി ഹേബിയസ് കോർപ്പസ് ഹരജിയുടെ ലക്ഷ്യം നിറവേറ്റപ്പെട്ടുവെന്നും സുപ്രീംകോടതി പറഞ്ഞു.
ആളുകളേയും സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്താൻ ഇത്തരം നടപടികൾ ഉപയോഗിക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു.