കോട്ടയം: തലവന്മാര്‍ വാഴാത്ത കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സെല്‍. മുന്‍പ് അനില്‍ ആന്റണി.. ഇപ്പോള്‍ പി. സരിനും.. തലവന്മാര്‍ ഓരോരുത്തരായി മറുകണ്ടം ചാടുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസം ഏറ്റുവാങ്ങുകയാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സെല്‍.
രാഷ്ട്രീയപോര് സീപകാലത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നത് സൈബറിടത്താണ്. ”ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും” സൈബറിടത്തിനുള്ള കഴിവ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത് പതിവാണ്. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷപെടാനായി ക്യാപ്സ്യൂളുകള്‍ ഇറക്കുന്നതു മുതല്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും സോഷ്യല്‍മീഡിയില്‍ എത്തുന്ന വാര്‍ത്തകള്‍ക്കു കമന്റിടുന്നതു വരെ സൈബര്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
ഇന്നു കേരളത്തില്‍ ഏറ്റവും ശക്തമായ സൈബര്‍ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ട്ടി സി.പി.എമ്മാണ്. സി.പി.എം സൈബര്‍ ഗ്രൂപ്പുകളെ പ്രതിരോധിക്കാനും തങ്ങളുടെതായി കോണ്‍ഗ്രസ് തുടങ്ങിയ സംവിധാനമാണ് കെ.പി.സി.സി. സോഷ്യല്‍ മീഡിയ സെല്‍.
എതിരാളികളെ കടന്നാക്രമിക്കാനും പാര്‍ട്ടി പെട്ടുപോകുന്ന വിഷയങ്ങളില്‍ പ്രതിരോധവും ഉറപ്പാക്കുന്ന സൈബര്‍ സഖാക്കളുടെ പ്രവര്‍ത്തനം മാതൃകയാക്കിയായിരുന്നു തുടക്കം.
എന്നാല്‍, ഒരു ഘട്ടത്തിലും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ആ ലക്ഷ്യത്തിലേക്ക് എത്തിയില്ലെന്ന ആരോപണവും ശക്തമാണ്. മാത്രമല്ല ഗ്രൂപ്പ് പോരിന് സൈബർ ഗ്രൂപ്പുകളെ ഉപയോഗിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഈ സെല്ലിനെ സംബന്ധിച്ച് മറ്റൊരു പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായാല്‍ അയാള്‍ മറുകണ്ടം ചാടുമെന്ന് ഉറപ്പാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.
ഉറവിടം സി.പി.എം സൈബര്‍ പ്രൊഫൈലുകളാണെങ്കിലും കേള്‍ക്കുന്നവര്‍ക്കു അതില്‍ കാര്യം ഉണ്ടെന്ന തോന്നാല്‍ വരുകയും ചെയ്യും. സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍മാരയിരുന്ന അനില്‍ ആന്റണിയും പി.സരിനും മറുകണ്ടം ചാടിയവരാണ്.
സെല്‍ രൂപീകരിച്ചപ്പോള്‍ ആദ്യം കണ്‍വീനറാക്കിയത് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ആയിരുന്നു. കേരള രാഷ്ട്രീയത്തിലേക്ക് മകനെ അവതരിപ്പിക്കാന്‍ ആന്റണി തന്നെ മുന്‍കൈയെടുത്ത് നടത്തിയ നീക്കമായിരുന്നു ഈ നിയമനം. എന്നാൽ, അധികം വൈകാതെ കോണ്‍ഗ്രസിനെയും ആൻ്റണിയെയും തളളിപ്പറഞ്ഞ് അനിൽ ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.
അനില്‍ ആന്റണി പാര്‍ട്ടി വിട്ടതോടെയാണ് പി. സരിനെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറാക്കിയത്. സരിന്‍ വന്നതോടെ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ ഇടപടല്‍ കുറച്ചു കൂടി സജീവമായിരുന്നു.
ഇതിനിടെ വി.ഡി സതീശനുമായി സരിന്റെ ബന്ധത്തില്‍ വിളളല്‍ വന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വി ഡി സതീശനും തമ്മില്ലുണ്ടായ അസ്വാരസ്യം ദൃശ്യങ്ങള്‍ സഹിതം പുറത്തായതില്‍ സരിനു പങ്കുണ്ടെന്ന ആരോപണമായിരുന്നു ഇതിനു പിന്നില്‍.
നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം ഉണ്ടായ ഈ തര്‍ക്കം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ ടീമിന്റെ ക്യാമറയിലാണു പതിഞ്ഞതെന്നും ഇതുവഴിയാണ് മറ്റ് മാധ്യമങ്ങള്‍ക്ക് കിട്ടിയതെന്നും സതീശന്‍ ക്യാമ്പ് വിശ്വസിക്കുന്നു. ഇതോടെ ഇരുവരും കഴിഞ്ഞ കുറച്ചുകാലങ്ങളായി അത്ര സ്വരചേര്‍ച്ചയില്‍ ആയിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയാണ് സരിന്റെ സീറ്റു നഷ്ടമെന്നു വിശ്വസിക്കുന്നവരുമുണ്ട്.
തന്നെ ഒതുക്കാൻ ചിലർ ശ്രമിച്ചന്നും ഇതിൻ്റെ ഭാഗമായാണ് സൈബർ ഗ്രൂപ്പൻ്റെ ചുമതല നൽകിയെന്നും സരിൻ ആരോപിക്കുന്നു. കോൺഗ്രസ് വിട്ട് സരിൻ പാലക്കാട് ഇടത് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ സരിൻ മുൻപു ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്കെതിരെയും സി.പി.എമ്മിനെതിരെയും പങ്കുവെച്ച പോസ്റ്റുകൾ കോൺഗ്രസ് ഗ്രൂപ്പകൾ സജീവമായി ഉപയോഗക്കുന്നുണ്ട്. അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളാണ് സരിൻ എന്നാണ് പല പോസ്റ്റുകളുടെയും ഉള്ളടക്കം.
സരിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ഇനി ആരാകും അടുത്ത സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നത്.