കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ടെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചുകൊണ്ടായിരുന്നു ദിവ്യയുടെ പ്രതികരണം. ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കു ചേരുന്നുവെന്നും ദിവ്യ പറഞ്ഞു.
പൊലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് നടത്തിയതെങ്കിലും പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് താന്‍ ശരിവയ്ക്കുന്നുവെന്നും ദിവ്യ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുത്തതായും ദിവ്യ പറഞ്ഞു.
നേരത്തെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതായി ദിവ്യ പ്രഖ്യാപിച്ചത്.