ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പിവി അൻവര്‍; എൻകെ സുധീര്‍ മത്സരിക്കും, പാലക്കാട് മിൻഹാജിന് സാധ്യത
പാലക്കാട്: ചേലക്കരയിൽ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻകെ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവര്‍ എംഎല്‍എ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളം പരിപാടിയിലൂടെയാണ് പിവി അൻവര്‍ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
അതേസമയം, പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയാരാണെന്നത് സസ്പെന്‍സ് ആണെന്നും വൈകാതെ അറിയാമെന്നുമായിരുന്നു പിവി അൻവറിന്‍റെ പ്രതികരണം. പാലക്കാട് പിവി അൻവര്‍ തന്നെ മത്സരിക്കുമോയെന്ന ചോദ്യത്തിന് അത്തരമൊരു സാധ്യതയും തള്ളാനാകില്ലെന്നും പ്രതികരിച്ചു. അതേസമയം, പാലക്കാട് സാമൂഹിക പ്രവര്‍ത്തകൻ മിൻഹാജിനെ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള നീക്കമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ചേലക്കരയിലും പാലക്കാടും എന്തായാലും ഉണ്ടാകുമെന്നും ജനങ്ങള്‍ അനുകൂലമായിട്ടാണ് കാണുന്നതെന്നും പിവി അൻവര്‍ പറഞ്ഞു. ചേലക്കരയിലും പാലക്കാടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. രണ്ടിടത്തും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ അതൃപ്തിയിലാണ്. പ്രാദേശിക വികാരം കണക്കിലെടുത്തില്ലെന്ന വികാരമുണ്ട്.
ഇതേ സ്ഥിതിയാണ് സിപിഎമ്മും നേരിടുന്നത്. ചേലക്കരയിൽ എഐസിസി അംഗമായ എൻകെ സുധീര്‍ ആയിരിക്കും ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസുകാര്‍ തന്നെയാണ് സുധീറിനെ നിര്‍ദേശിച്ചത്. ചേലക്കരയിൽ മത്സരിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്നുമാസായി അവിടെ പ്രചരണത്തിലായിരുന്നു. എന്നാൽ, സ്ഥാനാര്‍ത്ഥി നിര്‍ണയം വന്നപ്പോള്‍ സുധീറിനെ പുറത്തായി. പാലക്കാട് മത്സരിക്കാനുള്ള സാധ്യതയും പിവി അൻവര്‍ തള്ളിയില്ല. വൈകാതെ പാലക്കാടെ സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിയാമെന്നും പിവി അൻവര്‍ പറഞ്ഞു.
എസ് അരുണ്‍കുമാര്‍ നമ്പൂതിരി പുതിയ ശബരിമല മേൽശാന്തി, ടി വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി