സംഗീതനിശയ്ക്കിടെ നെറ്റിയിലേക്ക് ചുവപ്പ് ലേസർ; നൊടിയിടയിൽ വേദിയിൽ നിന്ന് ഇറങ്ങിയോടി നിക്ക് ജൊനാസ്: വീഡിയോ

സംഗീത നിശയ്ക്കിടെ നെറ്റിയിലേക്ക് ലേസര്‍  പതിച്ചതിനെത്തുടര്‍ന്ന് വേദി വിട്ട് ഓടി അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസ്. സഹോദരങ്ങളായ കെവിനും ജോയ്‍ക്കുമൊപ്പം നടത്തുന്ന വേള്‍ഡ് ടൂറിന്‍റെ ഭാഗമായി ചെക്ക് റിപബ്ലിക് തലസ്ഥാനമായ പ്രാഗില്‍ നടത്തിയ പരിപാടിക്കിടെയാണ് സംഭവം. വേദിയില്‍ നിന്ന് പൊടുന്നനെ ഇറങ്ങിയോടുന്ന നിക്ക് ജൊനാസിന്‍റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്.

ജൊനാസ് ഡെയ്‍ലി ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എത്തിയ വീഡിയോയാണ് കാര്യമായി പ്രചരിക്കുന്നത്. നെറ്റിയില്‍ ലേസര്‍ രശ്മികള്‍ പതിച്ചതിനെത്തുടര്‍ന്ന് വേദിയിലെ കാണികള്‍ക്കിടയിലേക്ക് നോക്കുന്ന ജൊനാസിനെയും പൊടുന്നതെ അദ്ദേഹം ഇറങ്ങി ഓടുന്നതും വീഡിയോയില്‍ കാണാം. അടുത്ത് നില്‍ക്കുകയായിരുന്ന സുരക്ഷാ ഉദ്യേഗസ്ഥനോട് ആംഗ്യഭാഷയില്‍ വിനിമയം ചെയ്യുന്നുമുണ്ട് ഈ സമയം നിക്ക്. സുരക്ഷാ ഉദ്യോഗസ്ഥനും അദ്ദേഹത്തിനൊപ്പം പോകുന്നുണ്ട്. അതേസമയം നിക്ക് പൊടുന്നനെ വേദി വിട്ട് പോകുമ്പോള്‍ സഹോദരന്മാരായ കെവിനും ജോയ്‍യും അവിടെത്തന്നെ തുടരുന്നുണ്ട്.

 

ഈ സംഭവം കാരണം കുറച്ചു സമയത്തേക്ക് പരിപാടി നിര്‍ത്തിവെക്കേണ്ടിവന്നുവെന്ന് ആരാധകര്‍ പറയുന്നു. നിക്ക് ജൊനാസിന്‍റെ മുഖത്തേക്ക് ലേസര്‍ അടിച്ച കാണിയെ പുറത്താക്കിയതിന് ശേഷമാണ് പരിപാടി പുനരാരംഭിച്ചത്. അപായ സൂചന മനസിലാക്കി പ്രവര്‍ത്തിച്ച നിക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭൂരിഭാഗം കമന്‍റുകളും. ഇത്തരം ഒരു സംഭവം അരങ്ങേറാന്‍ ഇടയാക്കിയ സുരക്ഷാ വീഴ്ചയെയും ചിലര്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് നിക്ക് ജൊനാസിന്‍റെ ഭാര്യ. 

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; ‘ഒരു വടക്കൻ തേരോട്ടം’ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin