കൊല്‍ക്കത്ത: ബംഗാള്‍ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് സമീപം മുഖം കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് റോഡരികില്‍ കണ്ടെത്തിയത്.
ഇരയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാമുകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയുള്ള കൃഷ്ണനഗറിലാണ് 18 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അര്‍ധ നഗ്നമായ നിലയിലായിരുന്നു.
മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പ്രഭാത സവാരിക്കിടെ നാട്ടുകാര്‍ മൃതദേഹം കാണുകയും ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ അന്നുമുതല്‍ കാണാതാവുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
കാമുകന്‍ രാഹുല്‍ ബോസിനെ ബന്ധപ്പെടാന്‍ വീട്ടുകാര്‍ പലതവണ ശ്രമിച്ചെങ്കിലും അയാളുടെ പ്രതികരണങ്ങളും സംശയാസ്പദമയിരുന്നു. തുടര്‍ന്ന് പോലീസ് രാഹുല്‍ ബോസിനെ കസ്റ്റഡിയിലെടുത്തു.
മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് കാണിച്ച് ചൊവ്വാഴ്ച വൈകുന്നേരം പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നില്‍ ആരാണെന്നും ഇതിന് പിന്നിലെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്.