കോട്ടയം: വെള്ളാനകളായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, മന്ത്രി പി. രാജീവ് ആഞ്ഞു ശ്രമിച്ചിട്ടും രക്ഷയില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നിന്ന് അധികമായി ഒരു പൊതുമേഖലാ സ്ഥാപനം മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രവര്‍ത്തന ലാഭത്തിലേക്കു കൊണ്ടുവരാന്‍ സാധിച്ചത്.
2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 51 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 55 ആയി വര്‍ധിച്ചു എന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമാണ്.
സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ അധീനതയില്‍ കേരള റബര്‍ ലിമിറ്റഡ് ആരംഭിക്കുകയും കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള പേപ്പര്‍ പ്രോഡക്‌സ് ലിമിറ്റഡ് എന്നപേരിലും ഭെല്‍ ഇ.എം.എലിനെ കെല്‍ ഇ.എം.എല്‍ എന്നപേരിലും ഏറ്റെടുത്തിട്ടുണ്ട്.
ഇവയുടെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുള്ളൂ എന്നതിനാല്‍ ലാഭത്തിലായില്ലെന്നും വ്യവസായ വകുപ്പ് പറയുന്നു.2023 -24 സാമ്പത്തിക വര്‍ഷത്തെ കണക്കു പ്രകാരം 33 സ്ഥാപനങ്ങള്‍ നഷ്ടത്തിലും 19 എണ്ണം പ്രവര്‍ത്തന ലാഭത്തിലുമാണ്. സെയില്‍ എസ്.സി.എല്‍ കേരള ലിമിറ്റഡാകട്ടേ കാനറ ബാങ്കിലെ തിരിച്ചടവ് മുടിങ്ങി നിയമ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയുമാണ്.
സര്‍ക്കരിനു നേട്ടം മദ്യവും ലോട്ടറിയും
പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തലയാതോടെ സര്‍ക്കാരിന്റെ വരുമാനത്തിന്റെ പ്രധാന ഭാഗവും ലോട്ടറി, മദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ്. സമീപകാലത്ത് പുറത്തുവന്നത് ഇത് തെളിയിക്കുന്ന കണക്കുകളാണ്.
ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 41.55 % ലാഭമാണ് ലോട്ടറിയിൽ നിന്നു സർക്കാരിന് ലഭിച്ചത്. ഓണം ബംബറിൽ നിന്നു മാത്രം സംസ്ഥാന സർക്കാരിന് ലഭിച്ചത് 245.71 കോടി രൂപയാണ്. ലോട്ടറി അച്ചടിക്കാൻ ചിലവായത് 72 ലക്ഷം രൂപയും.
പൊതുമേഖല സ്ഥാപനങ്ങളിലേക്ക് ഇറക്കുന്ന തുകയാകട്ടേ തിരിച്ചു കിട്ടുന്നില്ലെന്നു മാത്രം. പൊതുമേഖല സ്ഥാപനങ്ങളെ രക്ഷപെടുത്താൻ 279 കോടി രൂപയുടെ നവീകരണപദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സാണ് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനം.
107.85 കോടിരൂപ. ഇന്‍ഡസ്ട്രിയല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 96 കോടി രൂപയുടെ നേട്ടവുമുണ്ടാക്കി. നഷ്ടത്തിലുള്ളവയില്‍ മുമ്പന്‍ കാഷ്യു ഡിവലപ്‌മെന്റ് കോര്‍പ്പറേഷനാണ്. നഷ്ടം 45.38 കോടി. ലാഭനഷ്ടങ്ങള്‍ക്കപ്പുറം കശുവണ്ടിമേഖലയുടെ ക്ഷേമം ലക്ഷ്യമിട്ട് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
സംസ്ഥാനം കേന്ദ്രത്തില്‍നിന്ന് ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ കേരള പേപ്പര്‍ ലിമിറ്റഡിന്റെ നഷ്ടം 23 കോടിയാണ്. പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുന്നതോടെ ലാഭത്തിലെത്തുമെന്നാണ് പ്രതീക്ഷ. ട്രാവന്‍കൂര്‍ ടൈറ്റാനിയം 22.06 കോടിയും ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് 21 കോടിയുടെയും നഷ്ടത്തിലാണ്.
ലാഭത്തിലാക്കാന്‍ ആക്ഷന്‍ പ്ലാന്‍
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കന്‍ ഓരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തന മേഖലയ്ക്കു അനുയോജ്യമായ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ഇതിന്റെ അടിസ്ഥാനത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വാര്‍ഷിക ആസൂത്രണ പദ്ധതികള്‍ മാസ്റ്റര്‍ പ്ലാനില്‍ വിഭാവനചെയ്തിട്ടുള്ള പദ്ധതി രൂപരേഖകളുടെയും ആക്ഷന്‍ പ്ലാനിന്റെ നടപ്പിലാക്കുക. പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ലാഭകരമാക്കുന്നതിന്റെ ഭാഗമായി ഓരോ സ്ഥാപനങ്ങളുടെയും 2024-25 സാമ്പത്തിക വര്‍ഷ എംഒയുവും ഇതിനോടകം തയ്യാറാക്കി നടപ്പിലാക്കിവരുന്നു.
ഇതിന്റെ പുരോഗതി മാസം തോറും അവലോകനം ചെയ്യുന്നതിനായി ഒരു ഇന്റര്‍നെറ്റ് അധിഷ്ഠിത സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. പ്രവര്‍ത്തന അവലോകനത്തെ അടിസ്ഥാനമാക്കി നിര്‍ദ്ദേശങ്ങള്‍ സർക്കാർ നല്‍കിവരുന്നു.
സര്‍ക്കാരിന്റെ പ്ലാന്‍ പദ്ധതികള്‍ക്ക് പുറമെ ബാങ്കുകള്‍ മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.