നോവായി മടക്കം, നവീൻ ബാബുവിൻെറ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ദുരൂഹത നീങ്ങണമെന്ന് സഹോദരൻ, ദിവ്യക്കെതിരെ പരാതി

പത്തനംതിട്ട: അധിക്ഷേപത്തിൽ മനം നൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്‍റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു. ഉച്ചയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നവീൻ ബാബുവിന്‍റെ പൊതുദർശനവും സംസ്കാരവും നാളെ നടക്കും.

അതേസമയം, നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച പി.പി ദിവ്യക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നവീന്‍റെ സഹോദരൻ പൊലീസിൽ പരാതി നല്‍കി. വിവാദ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന്‍റെ പങ്കും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ പ്രത്യേക കേസ് എടുക്കില്ലെന്നാണ് പൊലീസ് പറയുന്നതെന്നും മരണത്തിൽ സംശയങ്ങളുണ്ടെന്നും ദുരൂഹത നീങ്ങണമെന്നും സഹോദരൻ പറഞ്ഞു.

പൊലീസിൽ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ല. ഇത്രയും സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ ഇതുവരെയില്ലാത്ത ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. പൊലീസിന് പ്രാഥമിക അന്വേഷണമില്ലാതെ തന്നെ കേസെടുത്ത് അന്വേഷണം നടത്താവുന്നതാണ്. എന്നാൽ ഇതുവരെയും അതുണ്ടായിട്ടില്ല. നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പറഞ്ഞു.
 

എഡിഎമ്മിന്‍റെ മരണം; പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്, തടഞ്ഞ് പൊലീസ്; സംഘർഷം

 

By admin