ചെന്നൈ: തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ടു ചെയ്യുന്നത്. ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
റോഡുകളിലും റെയിൽവേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. അനാവശ്യമായി ആളുകൾ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴയിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി.
രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രജനികാന്ത് ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. 2023ൽ മിഷോങ് ചുഴലിക്കാറ്റിനു പിന്നാലെയുണ്ടായ കനത്ത മഴയിലും അദ്ദേഹത്തിന്‍റെ വസതിയിൽ വെള്ളംകയറിയിരുന്നു. അഴുക്കുചാലുകൾ നിറഞ്ഞൊഴുകുന്നത് മേഖലയിൽ വലിയ ആശങ്കയായിട്ടുണ്ട്.
ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ – മൈസൂർ കാവേരി എക്സ്പ്രസ് ഉൾപ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചെന്നൈയിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *