തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ഡോ. പി. സരിൻ 33 -ാം വയസില്‍ സിവിൽ സർവീസ് വേണ്ടെന്നുവച്ച് രാഷ്ട്രീയത്തിലിറങ്ങിയ നേതാവാണ്.
മുൻപ് ഒറ്റപ്പാലത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2016 ല്‍ വെറും ആറര വര്‍ഷത്തെ സര്‍വീസില്‍ നില്‍ക്കേ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ്‍ സർവീസിൽ നിന്ന് രാജിവച്ച് ജനസേവകനായി മാറിയ വ്യക്തിയാണ് സരിൻ.
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയതിന് എതിരെയാണ് സരിൻ കലാപക്കൊടി ഉയർത്തുന്നത്. പാലക്കാട് ഒറ്റയാളുടെ താല്‍പര്യത്തിനുവേണ്ടി പാര്‍ട്ടിയെ ബലികൊടുത്തു എന്നാണ് സരിൻ ആരോപിച്ചത്. ഇപ്പൊഴും പാര്‍ട്ടിക്കാരനായി തുടരണമെന്ന് നിര്‍ബന്ധമുള്ള വ്യക്തിയാണ് താന്‍.
പാര്‍ട്ടിയില്‍ ‘ഞാനും ഞാനുമെന്‍റാളും’ സിസ്റ്റം വേണ്ടെന്ന് പറഞ്ഞാണ് ഷാഫി പറമ്പിലിനെതിരെ സരിന്‍ ആഞ്ഞടിച്ചത്. ഹരിയാന ആവര്‍ത്തിക്കാതിരിക്കാനും രാഹുല്‍ ഗാന്ധി പരാജയപ്പെടാതിരിക്കാനുംവേണ്ടിയാണ് താന്‍ നിലപാട് പറയാന്‍ തയ്യാറായത്.
മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഒരു സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച രീതിയിലാണ് അപാകത. കാലം മാറിയെന്നത് നേതാക്കള്‍ തിരിച്ചറിയണം. ഇല്ലെങ്കില്‍ പാര്‍ട്ടി കുഴിച്ചുമൂടേണ്ടിവരും. പതിവായി ഒരാള്‍ക്കുമാത്രം പിടിച്ചുകൊണ്ടുവന്ന് പദവികള്‍ നല്‍കുന്നതിന് പാര്‍ട്ടിക്ക് നാണം വേണ്ടേ – സരിന്‍ ചോദിച്ചു
പക്ഷേ തല്‍ക്കാലം പാര്‍ട്ടി വിടില്ലെന്ന സൂചനയും സരിന്‍ നല്കി. എന്നാല്‍ പരസ്യ പ്രതികരണത്തിന്റെ പേരില്‍ തനിക്കെതിരെ നടപടി ഉണ്ടാകുമോ എന്ന ആശങ്കയും സരിന്‍ പങ്കുവച്ചു.
വാക്ദാനങ്ങളില്‍ വീഴുമോ സരിന്‍ ?
ഒറ്റപ്പാലം തിരുവില്വാമല സ്വദേശിയായ സരിന് 40വയസാണ് പ്രായം. രാഷ്ട്രീയത്തിൽ ഇനിയുമേറെ അവസരങ്ങൾ സരിനെത്തേടി എത്തുമെന്ന വാഗ്ദാനം കോൺഗ്രസ് അദ്ദേഹത്തിന് നൽകുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, എ.ഐ.സി.സിയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ എന്നിങ്ങനെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും എം.ബി.ബി.എസ് പൂർത്തായാക്കിയ സരിൻ 2008 ലാണ് സിവിൽ സർവീസ് പരീക്ഷയെഴുതുന്നത്. ആദ്യ അവസരത്തിൽ തന്നെ 555-ാം റാങ്ക് നേടിയയാണ് അദ്ദേഹം ഐ.എ.എ.എസ് ഉദ്യോഗസ്ഥനായത്. തിരുവനന്തപുരത്തായിരുന്നു ആദ്യ നിയമനം. പിന്നീട് നാലു വർഷം കർണാടകത്തില്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായും പ്രവർത്തിച്ചു.
തന്റെ ജീവതം കേവലം കണക്കുകൂട്ടലുകളിലോ വിശകലനങ്ങളിലോ മാത്രമായി ഒതുങ്ങേണ്ടതല്ലെന്ന ബോധ്യമാണ് പൊതുപ്രവർത്തകനാകാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സരിൻ പറയുമായിരുന്നു. രാജ്യത്ത് കോൺഗ്രസ് പാർട്ടിക്കുള്ള പ്രസക്തിയാണ് ആ പ്രസ്ഥാനം തിരഞ്ഞെടുക്കാൻ കാരണമെന്ന് സരിന്‍ എപ്പോഴും പറയുമായിരുന്നു. ജോലി രാജിവെച്ചപ്പോൾ കുടുംബത്തിൽ നിന്ന് വലിയ എതിർപ്പുകളുണ്ടായിരുന്നെങ്കിലും ഭാര്യ ഡോ. സൗമ്യ നൽകിയ പിന്തുണയിൽ മുന്നോട്ട് പോകുകയായിരുന്നു.
പോരാട്ടം മെഡിക്കല്‍ കോളേജ് യൂണിയനില്‍
കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂണിയൻ ചെയർമാനായിരുന്നു. അതാണ് ജീവിത്തതിലെ ആദ്യ തിരഞ്ഞെടുപ്പ് അനുഭവം. ശേഷം യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. നിലവിൽ സംസ്ഥാന സെക്രട്ടറിയാണ്.
ഭാര്യ ഡോ. സൗമ്യയും മെഡിക്കൽ ഡോക്ടറാണ്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന സൗമ്യ കൊവിഡ് കാലത്ത് നിരവധി ബോധവതകരണ വീഡിയോകളിലൂടെ ശ്രദ്ധനേടിയിരുന്നു. പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തിൽ ഭരണഘടനയെ ബഹുമാനിക്കാത്തവർക്ക് ക്ലിനിക്കിൽ ചികിത്സയില്ലെന്ന് പ്രഖ്യാപനം നടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ പാർട്ടി പദവികളൊഴിഞ്ഞ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി പ്രതിഷേധമുയർത്തിയതിന് പിന്നാലെ അദ്ദേഹം കൺവീനറായിരുന്ന കെ.പി.സി.സി ഡിജിറ്റൽ മീഡിയ ആൻഡ് ഡിജിറ്റൽ പ്ലാറ്റ്ഫോം കൺവീനറായി സരിനെ കോൺഗ്രസ് നിയമിച്ചിരുന്നു.
പ്രവർത്തനങ്ങളില്ലാതെ ഏറെക്കുറെ നിർജീവമായിക്കിടക്കുകയായിരുന്ന ഡിജിറ്റൽ മീഡിയ ആൻഡ് ഡിജിറ്റൽ പ്ലാറ്റ്ഫോം പുന:സംഘടിപ്പിക്കാൻ കഴിഞ്ഞത് സരിന്റെ നേട്ടമായിരുന്നു. സി.പി.എമ്മിന്റെ സൈബർ പോരാളികളോട് ഏറ്റുമുട്ടാൻ കോൺഗ്രസിന്റെ സൈബർ പടയും ഇപ്പോൾ സജീവമായി രംഗത്തുണ്ട്