തിരുവനന്തപുരം: ആലപ്പുഴ തൃക്കുന്നപ്പുഴയിലും അമ്പലപ്പുഴയിലും കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് തീരപ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. അമ്പലപ്പുഴയില്‍ കോമന, പുറക്കാട് കരൂര്‍, വളഞ്ഞ വഴി, നീര്‍ക്കുന്നം, വണ്ടാനം തുടങ്ങിയ പ്രദേശങ്ങളിലെ അമ്പതിലധികം വീടുകളില്‍ വെള്ളം കയറി.
കണ്ണൂരിലും കൊല്ലത്തും ആലപ്പുഴയിലും തീരമേഖലയില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.