ശ്രമിച്ചിട്ട് കിട്ടിയില്ലെങ്കി നിരാശപ്പെടേണ്ടതില്ല! ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതിയ ശൈലിയെ കുറിച്ച് ഗംഭീര്‍

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ നാളെ ആദ്യ ടെസ്റ്റിനിറങ്ങുകയാണ് ഇന്ത്യ. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 9 മണിക്ക് മത്സരത്തിന് ടോസ് വീഴും. അതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ആക്രമിച്ച് കളിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഗംഭീര്‍ സംസാരിക്കുന്നത്.

ഗംഭീറിന്റെ വാക്കുകള്‍… ”ജയിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതിനു വേണ്ടിയാണ് ഓരോരുത്തരും ചെയ്യേണ്ടത്. അത്തരത്തില്‍ ശ്രമങ്ങള്‍ വരുമ്പോള്‍ ചില ദിവസങ്ങളില്‍ ടീം 100 റണ്‍സിനു പുറത്തായേക്കാം. പക്ഷേ അതൊരു വലിയ തിരിച്ചടിയായി കാണേണ്ടതില്ല. ഹൈ റിസ്‌ക്, ഹൈ റിവാര്‍ഡ് എന്നതാണ് ടീമിന്റെ ശൈലി. ആക്രമിച്ചു ചില ദിവസങ്ങളില്‍ 100 റണ്‍സിനു പുറത്തായാലും വേദനിക്കേണ്ടതില്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളോട് ഞാന്‍ പറയാറുള്ളത്.” ഗംഭീര്‍ പറഞ്ഞു.

സഞ്ജു രഞ്ജി കളിക്കുന്നതിന് വ്യക്തമായ കാരണമുണ്ട്! ഇവിടംകൊണ്ട് തീരില്ല, താരത്തിന്റെ ലക്ഷ്യം ടെസ്റ്റ് ക്രിക്കറ്റ്

വിരാട് കോലിയുടെ ഫോമിനെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു. ”കോലിയെ അരങ്ങേറ്റം മുതല്‍ ഞാന്‍ കാണുന്നുണ്ട്. അന്ന് മുതല്‍ റണ്‍സ് നേടാനുള്ള ആവേശത്തോടെയാണ് കോലി ബാറ്റ് ചെയ്യുന്നത്.” ഗംഭീര്‍ വ്യക്തമാക്കി. അതേസമയം, പരമ്പര ആരംഭിക്കാനിരിക്കെ, ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നു. പ്രധാന ബാറ്റര്‍മാരില്‍ ഒരാളായ ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ല. കഴുത്ത് വേദനയാണ് താരത്തെ അലട്ടുന്ന പ്രശ്നം. നിര്‍ക്കെട്ടുള്ളതിനാല്‍ താരത്തിന് ആദ്യ മത്സരം നഷ്ടമായേക്കും. 

ഇക്കാര്യത്തില്‍ നാളെ മാത്രമെ ഔദ്യോഗിക തീരുമാനമെടുക്കൂ. ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പറിലാണ് താരം കളിക്കുന്നത്. ഗില്‍ കളിക്കുന്നില്ലെങ്കില്‍ സര്‍ഫറാസ് ഖാന്‍ അല്ലെങ്കില്‍ ധ്രുവ് ജുറെല്‍ എന്നിവരില്‍ ഒരാള്‍ ടീമിലെത്തും. കെ എല്‍ രാഹുലിന് മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നല്‍കും. ബംഗ്ലാദേശിനെതിരായ ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നു ഗില്‍.

By admin