ഒന്നല്ല, രണ്ടല്ല, കൈവിട്ടത് 8 ക്യാച്ചുകള്‍, ന്യൂസിലന്‍ഡിനെതിരെ തോറ്റ പാകിസ്ഥാന്‍ ഇന്ത്യക്ക് പണി തന്നത് ഇങ്ങനെ

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ഇന്നലെ നടന്ന പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് പോരാട്ടം ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ പാകിസ്ഥാന്‍ 110 റണ്‍സില്‍ ഒതുക്കിയപ്പോള്‍ ഇന്ത്യയും സെമി പ്രതീക്ഷയിലായി. എന്നാല്‍ 111 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 11.4 ഓവറില്‍ 56 റണ്‍സന് ഓള്‍ ഔട്ടായി 54 റണ്‍സിന് തോറ്റതോടെ പാകിസ്ഥാനൊപ്പം ഇന്ത്യയും സെമി കാണാതെ പുറത്തായി. 10.4 ഓവറിനുള്ളില്‍ ലക്ഷ്യത്തിലെത്തിയിരുന്നെങ്കില്‍ പാകിസ്ഥാന് സെമിയിലെത്താമായിരുന്നു. 10.4 ഓവറിനുശേഷം പാകിസ്ഥാന്‍ ലക്ഷ്യം മറികടന്നിരുന്നെങ്കില്‍ ഇന്ത്യയും സെമിയിലെത്തുമായിരുന്നു.

മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 110 റണ്‍സിലൊതുക്കിയെങ്കിലും പാക് ഫീല്‍ഡര്‍മാരുടെ ദയനീയ പ്രകടനമാണ് ന്യൂസിലന്‍ഡിനെ 100 കടത്തിയത് എന്നതാണ് ശ്രദ്ധേയം. ഒന്നും രണ്ടുമല്ല എട്ട് ക്യാച്ചുകളാണ് പാക് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. സ്കൂള്‍ ക്രിക്കറ്റിനെ പോലും നാണിപ്പിക്കുന്ന രീതിയിലായിരുന്നു ഗ്രൗണ്ടില്‍ പാക് ഫീല്‍ഡര്‍മാരുടെ പ്രകടനം. ക്യാച്ചുകള്‍ മാത്രമല്ല, നിരവധി റണ്ണൗട്ട് അവസരങ്ങളും പാക് ഫീല്‍ഡർമാര്‍ നഷ്ടമാക്കി. നാലു ക്യാച്ചുകള്‍ കൈവിട്ട പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സന ഫാത്തിമ തന്നെയായിരുന്നു ക്യാച്ചുകള്‍ കൈവിടുന്നതിലും പാകിസ്ഥാനെ മുന്നില്‍ നിന്ന് നയിച്ചത്. നാലു ക്യാച്ചുകള്‍ കൈവിട്ടത് നിദാ ദിറിന്‍റെ ഓവറുകളിലായിരുന്നു.

നിദാ ദിറിന്‍റെ അവസാന ഓവറില്‍ മാത്രം സന ഫാത്തിമ രണ്ട് ക്യാച്ചുകള്‍ കൈവിട്ടു. മാഡി ഗ്രീനിനെയും ഇസബെല്ല ഗ്രേസിനെയുമാണ് അവസാന ഓവറില്‍ സന ഫാത്തിമ കൈവിട്ടത്. ബ്രൂക്ക് ഹാളിഡേ, ക്യാപ്റ്റന്‍ സോഫി ഡിവൈന്‍, അമേലിയ കെര്‍, സൂസി ബേറ്റ്സ്(രണ്ട് തവണ) എന്നിവർക്കാണ് പാക് ഫീല്‍ഡര്‍മാര്‍ ജീവന്‍ നല്‍കിയത്. ഇതില്‍ സൂസി ബേറ്റ്സ് 29 പന്തില്‍ 28 റണ്‍സടിച്ച് കിവീസിന്‍റെ ടോപ് സ്കോററാവുകയും ചെയ്തു. ബ്രൂക്ക് ഹാളിഡേ 22 റണ്‍സടിച്ച് രണ്ടാമത്തെ ടോപ് സ്കോററായപ്പോള്‍ സോഫി ഡിവൈന്‍ 19 റണ്‍സടിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin