ഇനി സ്മാർട്ട് ഗ്ലാസ് യുദ്ധം! മെറ്റയെ വെല്ലുവിളിച്ച് ആപ്പിള്‍; ക്യാമറയുള്ള എയർപോഡും അണിയറയില്‍

കാലിഫോർണിയ: 2027ഓടെ ആപ്പിള്‍ കമ്പനി മെറ്റയുടെ മാതൃകയില്‍ സ്മാർട്ട് ഗ്ലാസുകള്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ക്യാമറയോടെയുള്ള എയർപോഡും ആപ്പിളിന്‍റെ മനസിലുള്ളതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. വിഷ്വല്‍ ഇന്‍റലിജന്‍സ് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ആപ്പിളിന്‍റെ ഭാഗത്ത് നിന്നുള്ളത്. 

ആപ്പിളും സ്മാർട്ട് ഗ്ലാസ് ഇറക്കുന്നു

പുത്തന്‍ വിഷന്‍ ഡിവൈസുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. സ്മാർട്ട് ഗ്ലാസുകളും ക്യാമറ ഉള്‍പ്പെടുന്ന എയർപോഡുമാണ് ഇതില്‍ പ്രധാനം. മെറ്റ അടുത്തിടെ പുറത്തിറക്കിയ മെറ്റ റേ-ബാന്‍ ഗ്ലാസിനെ വെല്ലുവിളിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിള്‍ കരുക്കള്‍ നീക്കുന്നത്. എങ്കിലും 2027ല്‍ മാത്രമേ ഈ ഡിവൈസുകള്‍ ആപ്പിള്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ളൂ. ഏറ്റവും ആധുനികമായ ഡിവൈസുകള്‍ അവതരിപ്പിക്കുകയാണ് ആപ്പിള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആപ്പിള്‍ വിയറബിള്‍ ഡിസൈവുകളും ഓഗ്മെന്‍റഡ് റിയാലിറ്റിയും കൂടുതലായും പരീക്ഷിക്കുന്നത് നേരിട്ട് ബാധിക്കുക മെറ്റയെ തന്നെയായിരിക്കും. വിഷന്‍ പ്രോ വിഷ്വല്‍ ഇന്‍റലിജന്‍സിനായി ആപ്പിള്‍ കോടികള്‍ മുടക്കുന്നത് ചില്ലറ കളികളല്ല അണിയറയില്‍ ഒരുങ്ങുന്നത് എന്ന് വ്യക്തമാക്കുന്നു. ക്യാമറയും സ്പീക്കറുകളും മൈക്രോഫോണുകളും അടങ്ങിയ സ്മാർട്ട് ഗ്ലാസുകള്‍ക്കായാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. മെറ്റയുടെ 299 ഡോളർ വിലയുള്ള റേ-ബാന്‍ സ്മാർട്ട് ഗ്ലാസിനോട് സാമ്യത ഇതിനുണ്ടാകും. സമ്പൂർണ ഓഗ്മെന്‍റഡ് റിയാലിറ്റി ഈ ഗ്ലാസുകള്‍ നല്‍കില്ലെങ്കിലും മതിയായ വിഷ്വല്‍ ഇന്‍റലിജന്‍സുണ്ടാകും.

ക്യാമറയോടെ എയർപോഡ് 

അതേസമയം ആപ്പിള്‍ ക്യാമറയോടെയുള്ള എയർപോഡുകള്‍ പുത്തിറക്കുന്നതായുള്ള വാർത്ത നേരത്തെ വന്നിരുന്നതാണ്. എന്നാല്‍ ഇത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമോ എന്ന സംശയം അന്നും ഉയർന്നിരുന്നു. എയർപോഡിന്‍റെ ഏത് ഭാഗത്തായിരിക്കും ഈ ക്യാമറ വരികയെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും പുതിയ ഉത്പന്നങ്ങള്‍ കണ്ടെത്താനും വിഷ്വല്‍ ഇന്‍റലിജന്‍സ് വർധിപ്പിക്കാനുമുള്ള ഗവേഷണവുമായി ആപ്പിള്‍ കമ്പനി മുന്നോട്ടുപോവുകയാണ്. 

Read more: വ്യാഴത്തിന്‍റെ ചന്ദ്രനില്‍ ജീവന്‍ കണ്ടെത്തുക ലക്ഷ്യം; ‘യൂറോപ്പ ക്ലിപ്പർ’ പേടകം നാസ വിക്ഷേപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin